zakir-naik

ക്വാലാലംപൂർ: ഇന്ത്യൻ മുസ്ലീങ്ങൾ സംഘടിക്കണമെന്നും രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്നും വിവാദ മുസ്ലിം മതപ്രഭാഷകൻ സാക്കിർ നായിക്ക്. വെള്ളിയാഴ്ച ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് നായിക്ക് ഈ പ്രതികരണം നടത്തിയത്. ഇന്ത്യയിൽ ബി.ജെ.പി സർക്കാരിന് കീഴിൽ രാജ്യത്തെ മുസ്ലീങ്ങൾ അടിച്ചമർത്തലും ചൂഷണവും അനുഭവിക്കുകയാണെന്നും ഇതിനു എന്താണ് പ്രതിവിധിയെന്നുമുള്ള ഒരാളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നായിക്ക്.

ഇതിനായി വിവിധ മതശാഖകളിലും, രാഷ്ട്രീയ പാർട്ടികളിലും സാമൂഹിക സംഘടനകളിലുമായി വിഘടിച്ച് നിൽക്കുന്ന രാജ്യത്തെ മുസ്ലീങ്ങൾ ഒന്നിക്കണമെന്നും തങ്ങൾക്ക് വേണ്ടി മാത്രമായി ഒരു പാർട്ടി അവർ രൂപീകരിക്കണമെന്നും നായിക്ക് പറയുന്നു. ഇതിന്റെ ചുവടു പിടിച്ച് മുൻപ് നടത്തിയ ഒരു വിവാദ പ്രസ്താവന നായിക്ക് ആവർത്തിക്കുകയും ചെയ്തു. രാജ്യത്ത് 250 മുതൽ 300 വരെ മില്ല്യൺ മുസ്ലീങ്ങൾ ഉണ്ടെന്നും സർക്കാർ ആ സംഖ്യയെ മനഃപൂർവം കുറച്ച് കാട്ടുകയാണെന്നുമാണ് സാക്കിർ നായിക്ക് പറഞ്ഞത്.

ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്ലീങ്ങൾ ഉള്ളത് ഇന്ത്യയിലാണെന്നും നായിക്ക് പറയുന്നുണ്ട്. 'ഫാഷിസ്റ്റും', 'വർഗീയവാദം പ്രോത്സാഹിപ്പിക്കുന്നതും' അല്ലാത്തതായ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുമായി മുസ്ലീങ്ങൾ കൈകോർക്കണമെന്നും ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് രാഷ്ട്രീയ നേതൃത്വമില്ലെന്നും ഇയാൾ തന്റെ വീഡിയോയിലൂടെ പറയുന്നു. അതോടൊപ്പം രാജ്യത്തെ ദളിതരും മുസ്ലീങ്ങളും ഒത്തുചേരണമെന്നും അങ്ങനെ ഉണ്ടായാൽ സംഘടനാബലം 600 മില്ല്യൺ വരെ ഉയർത്താൻ കഴിയുമെന്നും നായിക്ക് പറഞ്ഞു.

മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യത്തേക്ക് പോകാൻ സാധിക്കുമെങ്കിൽ അതാണ് താരതമ്യേന നല്ലതെന്നും എന്നാൽ അതിനായി ഇന്ത്യ വിടേണ്ടതില്ലെന്നും നായിക്ക് പറയുന്നു. അതിനുപകരം, മുസ്ലീങ്ങളോട് 'സഹാനുഭൂതി' വച്ചുപുലർത്തുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളിലേക്ക് പോകുന്നതാണ് നല്ലത്. കേരളമാണ് പെട്ടെന്ന് തന്റെമനസ്സിൽ വരുന്നത്. കേരളത്തിലെ ജനങ്ങൾ വർഗീയ മനസ്ഥിതി ഉള്ളവരല്ല. നായിക്ക് പറയുന്നു.

അവിടെ വിവിധ മതത്തിൽ പെട്ടവർ സഹോദര്യത്തോടെ ഒന്നിച്ച് കഴിയുന്നുവെന്നും അവിടെ ബി.ജെ.പിക്ക് സ്വാധീനമില്ലാത്തത് കൊണ്ട് കേരളമാണ് ഇതിന്‌ ഏറ്റവും അനുയോജ്യമെന്നും നായിക്ക് കൂട്ടിച്ചേർക്കുന്നുണ്ട്. ഇതുകൂടാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കഴിയുന്ന മുസ്ലീങ്ങൾ അവിടങ്ങളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് മാറുന്നതാണ് നല്ലതെന്നും ഇയാൾ ഉപദേശിക്കുന്നു. 2016 ഇന്ത്യ വിട്ട് മലേഷ്യയിൽ ഒളിച്ച് താമസിക്കുന്ന സാക്കിർ നായിക്ക്, കള്ളപ്പണം വെളുപ്പിക്കൽ, ഹിംസയ്ക്കായി പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് രാജ്യം തേടുന്നയാളാണ്.