davood

നടപടികൾ എഫ്.എ.ടി.എഫിന്റെ കരിമ്പട്ടികയിൽ നിന്ന് രക്ഷപ്പെടാൻ

ഇസ്ലാമാബാദ്: ഇന്ത്യ തേടുന്ന കൊടുംകുറ്റവാളികളായ ദാവൂദ് ഇബ്രാഹിം, മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദ്, ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസർ

എന്നിവർ ഉൾപ്പെടെയുള്ള ഭീകരരുടെ സ്വത്ത് കണ്ടുകെട്ടാൻ പാക്കിസ്ഥാന്റെ തീരുമാനം. നിരോധിക്കപ്പെട്ട 88 ഭീകരസംഘങ്ങളുടെ സ്വത്ത് കണ്ടുകെട്ടും. ബാങ്ക് ഇടപാടുകൾ മരവിപ്പിക്കും. അതേസമയം ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചു. ദാവൂദിന് അഭയം നൽകിയിട്ടില്ലെന്നായിരുന്നു നിരവധി കാലമായി പാകിസ്ഥാന്റെ വാദം.

ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്.എ.ടി.എഫ്) ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തുകടക്കാനും കരിമ്പട്ടികയിൽപ്പെടാതിരിക്കാനുമാണ് പാകിസ്ഥാന്റെ ഈ ഭീകരവിരുദ്ധ നടപടികൾ.

പാരിസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എഫ്.എ.ടി.എഫ് പാകിസ്ഥാനെ 2018ൽ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഭീകരപ്രവർത്തനം നിയന്ത്രിക്കുന്നതിന് 2019 വരെയാണ് സമയം നൽകിയത്. കൊവിഡ് വ്യാപനത്തോടെ സമയം നീട്ടി നൽകുകയായിരുന്നു. എഫ്.എ.ടി.എഫ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതോടെ രാജ്യാന്തര സാമ്പത്തിക സഹകരണം കുറയും.

എഫ്.എ.ടി.എഫ് ഗ്രേ ലിസ്റ്റിൽ നിന്നും പുറത്തുകടക്കുന്നതിനുള്ള പാക്കിസ്ഥാന്റെ അവസാന ശ്രമമാണ് ഇപ്പോഴത്തേത്. ഐ.എം.എഫ്, ലോകബാങ്ക്, എ.ഡി.ബി, യൂറോപ്യൻ യൂണിയൻ എന്നിവടങ്ങളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കാതെ വന്നതോടെയാണ് ശക്തമായ നടപടിക്ക് പാകിസ്ഥാൻ മുതിർന്നത്.

ആഗസ്റ്റ് 18 നാണ് ഇപ്പോഴത്തെ ഉപരോധം സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്. യു.എൻ രക്ഷാസമിതിയുടെ ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെട്ടവരാണ് ഇപ്പോൾ പാക് സർക്കാർ നടപടി സ്വീകരിച്ച സംഘടനകളും നേതാക്കളും.

ജമാഅത് ഉദ് ദവ, ജെയ്‌ഷെ മുഹമ്മദ്, താലിബാൻ, ദായേഷ്, ഹഖാനി ഗ്രൂപ്പ്, അൽ ഖ്വായിദ തുടങ്ങിയ സംഘടനകൾക്കെതിരെയാണ് ഇപ്പോൾ കൂടുതൽ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സംഘടനകളുടെയും നേതാക്കളുടെയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും എല്ലാ ആസ്തികളും കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.

മുല്ല ഫസലുള്ള, സക്കിയൂർ റഹ്മാൻ ലഖ്‌വി, മുഹമ്മദ് യാഹ്യ മുജാഹിദ്, അബ്ദുൾ ഹക്കീം മുറാദ്, നൂർ വാലി മെഹ്‌സൂദ്, ഫസൽ റഹീം ഷാ, താലിബാൻ നേതാക്കളായ ജലാലുദീൻ ഹഖാനി, ഖാലിൽ അഹമ്മദ് ഹഖാനി, യാഹ്യാ ഹഖാനി, ഇബ്രാഹിം എന്നിവരാണ് പാക് ഉപരോധം നേരിടുന്ന മറ്റ് പ്രമുഖർ.