തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. കൊവിഡ് സ്ഥിരീകരിച്ച രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കുളള ക്വാറന്റീൻ സംബന്ധിച്ച കാര്യങ്ങളിലാണ് മാറ്റം വരുത്തിയത്. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന ഹൈ റിസ്ക് കാറ്റഗറിയിലുളളവർ മാത്രം ഇനി മുതൽ 14 ദിവസത്തെ നിരീക്ഷണത്തിൽ പോയാൽ മതി.
സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന ലോ റിസ്ക് വിഭാഗക്കാർ എല്ലാവരും അടുത്ത 14 ദിവസത്തേക്ക് ആൾക്കൂട്ടം, പൊതുപരിപാടികൾ, യാത്രകൾ എന്നിവയിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. ലോ റിസ്ക് കാറ്റഗറിക്കാരെ കൂടാതെ സെക്കൻഡറി കോണ്ടാക്ടിൽ വന്നവർക്കും ഈ നിർദേശം ബാധകമാണ്. എന്നാൽ സമ്പർക്കത്തിലേർപ്പെട്ട എല്ലാവരും കർശനമായി മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും വരുന്നവർക്കുളള 28 ദിവസത്തെ ക്വാറന്റീനും മാറ്റം വരുത്തിയിട്ടുണ്ട്. ഇനി കേരളത്തിലേക്ക് വരുന്നവർ 14 ദിവസം മാത്രം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി.