covid

ന്യൂഡൽഹി : ഇന്ത്യയിൽ കൊവിഡ് 19 രോഗികളുടെ എണ്ണം 30 ലക്ഷം കടന്നു. 15 ദിവസം മുമ്പാണ് ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നത്. ദിവസങ്ങൾ കൊണ്ട് രോഗവ്യാപനം കുത്തനെ കുതിച്ചുയരുകയായിരുന്നു. നിലവിൽ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 30,05,281 ആണ്. രോഗികളുടെ എണ്ണത്തിൽ ലോകത്ത് യു.എസിനും ബ്രസീലിനും തൊട്ടുപിന്നിലാണ് ഇന്ത്യ. കഴിഞ്ഞ 18 ദിവസമായി ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുടെ പ്രതിദിന വർദ്ധന രേഖപ്പെടുത്തിയത് ഇന്ത്യയിലാണ്.

6,57,450 കേസുകളുമായി മഹാരാഷ്ട്രയാണ് രാജ്യത്ത് ഒന്നാം സ്ഥാനത്ത്. തമിഴ്‌നാട് ( 3,73,410 ), ആന്ധ്രാപ്രദേശ് ( 3,45,216 ) എന്നീ സംസ്ഥാനങ്ങളാണ് രോഗികളുടെ എണ്ണത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് തുടരുന്നത്. ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂർ സമയത്തിനിടെ പുതുതായി 69,878 പേരാണ് രാജ്യത്ത് പുതുതായി രോഗബാധിതരായത്. ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ചുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്. പല സംസ്ഥാനങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുതിച്ചുകയറ്റമാണ് ഉണ്ടാകുന്നത്. ഹരിയാനയിൽ എല്ലാ വാരാന്ത്യവും ഇനി മുതൽ സമ്പൂർണ ലോക്ക്ഡൗൺ ദിനമാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യവസ്തുക്കൾ വില്ക്കുന്ന കടകളൊഴിച്ച് മറ്റൊന്നും തുറന്നു പ്രവർത്തിക്കില്ല.

പഞ്ചാബിൽ വൈകിട്ട് 7 മുതൽ പുലർച്ചെ 5 വരെ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 167 നഗരങ്ങളിൽ വാരാന്ത്യ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. ലോകത്തെ ആകെ കൊവിഡ് മരണം 8 ലക്ഷം പിന്നിട്ടു. ഇതിൽ പകുതിയോളം മരണങ്ങൾ യു.എസ്, ബ്രസീൽ, മെക്സിക്കോ, ഇന്ത്യ എന്നീ നാല് രാജ്യങ്ങളിൽ നിന്നാണ്.