കൊച്ചി: കൊവിഡ് മൂലം സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്നതും ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതുമൊക്കെ മൂലം സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വില്‍പ്പന ഉയര്‍ന്നിട്ടുണ്ട്. പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് ആളുകള്‍ കുറച്ചാണ് യൂസ്ഡ് കാറുകളുടെ വില്‍പ്പന ഉയര്‍ത്തുന്നത്. കൊവിഡ് പ്രതിസന്ധി മാറിയിട്ടില്ലാത്തതിനാല്‍ കുറച്ച് കാലത്തേയ്ക്ക് മാത്രം വാഹനങ്ങള്‍ കൈവശം വയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരുമുണ്ട്.
ഏപ്രില്‍-മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ നടത്തിയ സര്‍വേകളിൽ യൂസ്ഡ് കാറുകള്‍ വാങ്ങാന്‍ നിരവധി പേര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ പുതിയ കാര്‍ വാങ്ങുന്നതിനേക്കാള്‍ ലാഭകരമാവുക കാറുകള്‍ കുറഞ്ഞ ചെലവില്‍ വാടകയ്ക്ക് എടുക്കുന്നതോ യൂസ്ഡ് കാറുകള്‍ വാങ്ങുന്നതോ തന്നെയാണ്.
എങ്ങനെ ലാഭകരമായി കാര്‍ വാങ്ങും?
സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങാന്‍ ലോണുകള്‍ എടുക്കുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കും. സാധാരണ വാഹന ലോണുകളേക്കാള്‍ അധിക പലിശ നിരക്ക് ബാങ്കുകള്‍ വാങ്ങുന്നത് തന്നെയാണ് കാരണം. എസ്.ബി.ഐ പുതിയ കാറുകള്‍ വാങ്ങാന്‍ 7.2 ശതമാനം നിരക്കിലാണ് ലോണ്‍ നല്‍കുന്നത് എങ്കില്‍ യൂസ്ഡ് കാറുകള്‍ക്ക് ഇത് 9.2 ശതമാനം വരെയാണ്. മോഷണം പോലെയുള്ള സംഭവങ്ങള്‍ ഉണ്ടായാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പഴയ വാഹനങ്ങള്‍ക്ക് മുഴുവന്‍ തുകയും നല്‍കാറില്ല. ലോണ്‍ ഉപയോഗിച്ച് വാഹനം വാങ്ങാന്‍ പണം കണ്ടെത്താന്‍ ആണ് തീരുമാനം എങ്കില്‍ യൂസ്ഡ് കാര്‍ ലോണ്‍ എടുക്കാതെ നിലവിലെ ഹോം ലോണ്‍ ടോപ് അപ്പ് ചെയ്ത് അധിക പണം കണ്ടെത്താം. ഇത് പലിശ ഭാരം കുറയ്ക്കും.