സംഗതി സൂപ്പർഹിറ്റ്
മുംബയ്: സീരിയൽ എന്നു പറഞ്ഞാൽ തന്നെ പലരുടെയും മുഖം ചുളിയും. എന്നാൽ, ആ വിമർശകർ പോലും സീരിയലുകളുടെ ആരാധകരായി മാറാനായുള്ള മാജിക്കാണ് സംഗീത സംവിധായകൻ യഷ് രാജ് മുഖാട്ടേ ചെയ്തിരിക്കുന്നത്.
പ്രശസ്ത ടിവി പരമ്പരയായ 'സാഥ് നിഭാന സാഥിയ"യിലെ കോകില ബെൻ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ഡയലോഗുകളാണ് തന്റെ സംഗീത മാസ്മരികതയുടെ അകമ്പടിയോടെ യഷ് രാജ് അടിമുടി മാറ്റിയെടുത്തിരിക്കുന്നത്. പരമ്പരയിൽ വളരെ വൈകാരികമായ രംഗം സംഗീതം നൽകി ഒരു ഗാനം പോലെ ആക്കിയിരിക്കുകയാണ് യഷ് രാജ്. അതിന്റെ വീഡിയോയും യഷ് രാജ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു. 1.6 മില്യൺ ആളുകളാണ് ഇതിനിടെ ആ വീഡിയോ കണ്ടത്. 'എവിടെ നിന്ന് എവിടെയെത്തിയെന്ന് നോക്കൂ" എന്ന് കമന്റിട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ആ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. സംഭാഷണ ശകലങ്ങൾക്കിടെ തന്റെ ഒന്ന് രണ്ട് വരി ഗാനവും യഷ് രാജ് തന്നെ പാടി ആ മിക്സിൽ ഉപയോഗിച്ചിട്ടുണ്ട്. സംഘർഷമുഖരിതമായ രംഗത്തെ സംഗീതാത്മകമാക്കിയ യഷ് രാജിന് അഭിനന്ദന പ്രവാഹമാണ് ട്വിറ്ററിൽ. ചിലർ തങ്ങളുടെ പ്രിയ പരമ്പരകളിലെ ചില രംഗങ്ങളും ഇത്തരത്തിൽ മാറ്റിത്തരാമോയെന്ന് ട്വീറ്റിലൂടെ യഷ് രാജിനോട് ചോദിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തിയാൽ ഒന്നല്ല ഒൻപത് സീരിയൽ കണ്ടുപോകുമെന്നാണ് മറ്റൊരാളുടെ കമന്റ്. എന്തായാലും കോകില ബെന്നും ആ പരമ്പരയും ഒന്നുകൂടി പ്രേക്ഷകരുടെ മനസിൽ കുടിയേറിക്കഴിഞ്ഞു.