ന്യൂഡൽഹി: റാഫേൽ ഇടപാടിൽ കേന്ദ്ര സർക്കാരിനെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങിയ ഇടപാടിനെ കുറിച്ചുള്ള സി.എ.ജി റിപ്പോർട്ടിൽ, ഓഫ്സെറ്റ് കരാറുകളെ കുറിച്ച് പരാമർശമില്ലെന്ന ടൈംസ് ഓഫ് ഇന്ത്യയുടെ വാർത്ത റീട്വീറ്റ് ചെയ്തു കൊണ്ടാണ് രാഹുലിന്റെ പ്രതികരണം.
'റാഫേലിൽ ഇന്ത്യയുടെ ഖജനാവിൽനിന്നാണ് പണം മോഷ്ടിക്കപ്പെട്ടത്."- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
എട്ടു മാസം മുമ്പാണ് റഫാൽ ഇടപാടിനെ കുറിച്ചുള്ള റിപ്പോർട്ട് സി.എ.ജി. സമർപ്പിച്ചത്. എന്നാൽ റിപ്പോർട്ട് സർക്കാർ ഇനിയും പാർലമെന്റിൽ വെച്ചിട്ടില്ല. റഫാലിന്റെ 'ഓഫ്സെറ്റ്' കരാറുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ സി.എ.ജിക്ക് കൈമാറാൻ പ്രതിരോധ മന്ത്രാലയം തയ്യാറായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
കരാർ ഒപ്പിട്ട് മൂന്നു വർഷത്തിനു ശേഷമേ 'ഓഫ്സെറ്റ്' പങ്കാളികളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കൂ എന്നാണ് ദസ്സോ ഏവിയേഷൻ അറിയിച്ചിട്ടുള്ളത് എന്നാണ് പ്രതിരോധമന്ത്രാലയം അറിയിച്ചതെന്നും ഓഡിറ്റിംഗിൽ ഉൾപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.