ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിക്ക് തൊട്ടടുത്തായി മിസൈലുകളും മറ്റും സ്ഥാപിച്ച് ചൈനീസ് സൈന്യം. ഇന്ത്യൻ അതിർത്തിയിൽ നിന്നും 90 കിലോമീറ്റർ അപ്പുറത്ത് കിടക്കുന്ന കൈലാസ പർവത/മാനസരോവരം പ്രദേശങ്ങങ്ങളിലാണ് ചൈന ഇപ്പോൾ എസ്.എ.എം(സർഫസ് ടു എയർ) മിസൈലുകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങളിലൂടെയാണ് ചൈനയുടെ പുതിയ നീക്കങ്ങൾ വ്യക്തമായിരിക്കുന്നത്.
ഇവിടങ്ങളിൽ എസ്.എ.എമ്മിന്റെ എച്ച്.ക്യൂ 9 ശ്രേണിയിലുള്ള മിസൈലുകൾ ടാർപ്പോളിനാൽ മറച്ചിരിക്കുന്നതും സമീപത്തായി മിസൈലുകൾ വിക്ഷേപിക്കാനുള്ള സംവിധാനങ്ങളും സൈനിക ബാരക്കുകളും സജ്ജീകരിച്ചിരിക്കുന്നതായും കാണാൻ സാധിക്കും. ഈ പ്രദേശത്ത് ഏപ്രിലിൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ ചൈന പൂർത്തിയാക്കിയതായും സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.
ഹിന്ദു/ബുദ്ധിസ്റ്റ് ആരാധനാ പ്രദേശങ്ങളായ കൈലാസ/മാനസരോവര പ്രദേശങ്ങൾ ഇപ്പോൾ ഒരു യുദ്ധക്കളത്തിനോടാണ് സാദൃശ്യം. ഇവിടത്തെ രക്ഷാസ്ഥൽ, ഗൗരി കുണ്ഡ് എന്നീ പ്രദേശങ്ങളിൽ ഇപ്പോൾ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ശക്തമായ സാന്നിദ്ധ്യവുമുണ്ട്. ഈ പ്രദേശങ്ങൾ ബുദ്ധ/ഹിന്ദു വിശ്വാസികളുടെ തീർത്ഥാടന സ്ഥലങ്ങളാണെന്നുള്ളതും പ്രസക്തമാണ്. ടിബറ്റൻ പ്രദേശത്തുള്ള ഈ പുണ്യ സ്ഥലങ്ങൾ ഇപ്പോൾ ചൈനയുടെ അധീനതയിലാണ്.
ഇന്ത്യൻ അതിർത്തിയോടു ചേർന്നുകിടക്കുന്ന ഈ പ്രദേശത്തുള്ള ചൈനീസ് സേനയുടെ സാന്നിദ്ധ്യവും സേനയുടെ കൈവശം വച്ചിരിക്കുന്ന ഷോർട്ട് റേഞ്ച് മിസൈലുകളും ആശങ്കയ്ക്ക് വക നൽകുന്നതാണ്. മേയിൽ ആരംഭിച്ച ചൈന - ഇന്ത്യ സംഘർഷത്തിന് പിന്നാലെ ഉണ്ടായ ഇന്തോ-ചൈനീസ് അതിർത്തിയിലെ ഇന്ത്യൻ വ്യോമസേന അടക്കമുള്ള സേനാ വിഭാഗങ്ങളുടെ സാന്നിദ്ധ്യമാണ് ഭാവിയിലെ ഇന്ത്യൻ സേന നടത്താവുന്ന നീക്കങ്ങളുമാണ് ഇത്തരത്തിലെ സജ്ജീകരണങ്ങൾക്ക് ചൈനയെ പ്രേരിപ്പിച്ചതെന്നാണ് അനുമാനം.