pic

ന്യൂഡൽഹി: ജമ്മൂ കാശ്മീരുമായി ബന്ധപ്പെട്ട് ചെെനയും പാകിസ്ഥാനും നടത്തിയ സംയുക്ത പ്രസ്താവന തളളി ഇന്ത്യ. വിഷയം രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ നടപടി. ജമ്മൂ കാശ്മീരിലെ ഏകപക്ഷീയമായ നിലപാടുകൾ തങ്ങൾ എതിർക്കുമെന്നാണ് ചെെനയും പാകിസ്ഥാനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നത്. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി കഴിഞ്ഞ ദിവസം നടന്ന ചർച്ചയ്ക്കിടെയാണ് കാശ്മീർ പ്രദേശത്തെ സ്ഥിതിഗതികളെക്കുറിച്ച് പ്രതിപാദിച്ചത്.

പാകിസ്ഥാന്റെയും ചെെനയുടെയും വിദേശകാര്യ മന്ത്രിമാരുടെ കാശ്മീരിനെ പറ്റിയുളള സംയുക്ത പ്രസ്താവന പൂർണമായും നിരസിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഇതിൽ മറ്റു രാജ്യങ്ങൾ ഇടപെടില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.സംയുക്ത പ്രസ്താവനയ്ക്ക് മറുപടിയായിട്ടാണ് ശ്രീവാസ്തവ ഇക്കാര്യം വ്യക്തമാക്കിയത്.

പാകിസ്ഥാനും ചെെനയുമായുളള സാമ്പത്തിക കെെമാറ്റത്തിനോടുളള എതിർപ്പും ഇന്ത്യ അറിയിച്ചു.പാക്കിസ്ഥാൻ അധിനിവേശ കാശ്മീരിലെ സ്ഥിതിഗതികൾ മാറ്റുന്ന മറ്റ് രാജ്യങ്ങളുടെ നടപടികളെ ഇന്ത്യ ശക്തമായി എതിർക്കുന്നു. അത് പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ഇന്ത്യയുടെ പ്രദേശമാണ്. ഇത്തരം നടപടികൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കക്ഷികളോട് ആവശ്യപ്പെടുന്നതായും ഇന്ത്യ അറിയിച്ചു.

ജമ്മു കാശ്മീരിലെ സ്ഥിതിഗതികൾ, നിലവിലെ അടിയന്തിര പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ പാകിസ്ഥാൻ ചൈനയെ അറിയിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ രണ്ട് ദിവസമായി നടത്തിയ സംഭാഷണത്തിനൊടുവിലാണ് സംയുക്ത പ്രസ്താവന പുറത്തിറക്കുന്നത്.