എല്ലാവർക്കും ഗോതമ്പിന്റെ ഗുണങ്ങളെക്കുറിച്ചറിയാം. ഗോതമ്പ് പുല്ലിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഗോതമ്പ് മുളപ്പിച്ച് അഞ്ചോ ആറോ ഇഞ്ച് നീളമാകുമ്പോൾ മുറിച്ചെടുക്കുന്ന ഗോതമ്പ് പുല്ല് ജ്യൂസായി ഉപയോഗിക്കാം. ഇരുമ്പ് , മഗ്നീഷ്യം, കാത്സ്യം, അമിനോ ആസിഡ്, വിറ്രാമിൻ എ, സി, ഇ, കെ എന്നിവയും ഇതിലുണ്ട്. ഇതിലടങ്ങിയിരിക്കുന്ന 17ഓളം അമിനോ ആസിഡുകളിൽ എട്ടെണ്ണം ശരീരത്തിന് ആവശ്യമുള്ളതും എന്നാൽ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടാത്തതുമാണ്.
ഫ്രീ റാഡിക്കലുകൾക്കെതിരെയും കാൻസർ സെല്ലുകൾക്കെതിരെയും പൊരുതുന്ന ആന്റി ഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് വീറ്റ് ഗ്രാസ്. കൊളസ്ട്രോൾ കുറയ്ക്കാനും ട്രൈഗ്ളിസറൈഡിന്റെ അളവ് കുറയ്ക്കാനും ഇതിനു സാധിക്കും.
ധാരാളം നാരുകളും ബി കോംപ്ളക്‌സ് വിറ്രാമിനുകളും ഉള്ളതിനാൽ ദഹനവ്യവസ്ഥയ്‌ക്ക് നല്ലതാണ്. രോഗപ്രതിരോധശേഷിക്കും ശരീരഭാരം കുറയ്ക്കുന്നതിനും മികച്ചതാണ്. മുടിയുടെ ആരോഗ്യത്തിനും ക്ഷീണമകറ്രാനും പ്രത്യുത്പാദന ക്ഷമത വർദ്ധിപ്പിക്കാനും സഹായകം. കരളിന്റെയും ഹൃദയത്തിന്റെയും ആരോഗ്യ സംരക്ഷണത്തിനും അത്യുത്തമമാണ് ഗോതമ്പ് പുല്ല്.