ന്യൂഡൽഹി:രാജ്യത്തിന്റെ കൊവിഡ് വാക്സിൻ പരീക്ഷണം വളരെ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതായി കേന്ദ്ര ആരേഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധൻ പറഞ്ഞു. എല്ലാം പ്രതീക്ഷിയ്ക്കുന്നത് പോലെ നടന്നാൽ ഈ വർഷം അവസാനത്തോടെ രാജ്യം കൊവിഡിനെതിരായ വാക്സിൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകമെങ്ങും കൊവിഡ് വാക്സിൻ കണ്ടെത്താനുളള ശ്രമത്തിലാണെന്നും ഇന്ത്യയിലെ വാക്സിൻ പരീക്ഷണം മറ്റുളളവരേക്കാൾ ഒരു പടി മുന്നിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാജ്യത്ത് കൊവിഡ് വാക്സിൻ പരീക്ഷണം വിവിധ ഘട്ടങ്ങളിലായി യഥാക്രമം നടന്നുവരുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു. ഈ വർഷം അവസാനത്തോടെ വാക്സിൻ ലഭ്യാമാകുമെന്നും അത് രാജ്യത്തിനും ലോകത്തിനും ഒരു പോലെ ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വാക്സിൻ കണ്ടെത്തിയാൽ ഉടൻ തന്നെ നിർമാണം ആരംഭിക്കുമെന്നും അത് രാജ്യത്തെ മുഴുവൻ ജനങ്ങളിലും എത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
രാജ്യത്ത് കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം 75 ശതമാനമായി ഉയർന്നതായി കഴിഞ്ഞ ദിവസം ഹർഷ് വർദ്ധൻ പറഞ്ഞിരുന്നു. ഇതിനൊപ്പം രാജ്യത്തെ മരണനിരക്ക് വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിചേർത്തു. 2.2 ദശലക്ഷം പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് രോഗമുക്തി നേടിയത്.