
ഇസ്ലാമാബാദ്:ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പാകിസ്ഥാൻ. യു.എൻ ഉപരോധ പട്ടിക പുനപ്രസിദ്ധീകരിക്കുകയാണ് ചെയ്തതെന്നും,പാകിസ്ഥാനിൽ ദാവൂദ് ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം ഇപ്പോൾ പറയുന്നു.
ദാവൂദ് ഇബ്രാഹിം ഉൾപ്പടെയുള്ള ഭീകരരുടെ പട്ടിക മേൽവിലാസം സഹിതം പാകിസ്ഥാൻ പ്രസിദ്ധീകരിച്ചിരുന്നു. ദാവൂദ് കറാച്ചിയിൽ ഉണ്ടെന്നായിരുന്നു പട്ടികയിൽ പാകിസ്ഥാൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇന്ന് പുലർച്ചെയോടെ പാകിസ്ഥാൻ മലക്കം മറിഞ്ഞു.ദാവൂദ് കറാച്ചിയിൽ ഇല്ലെന്നും, ഇന്ത്യൻ മാദ്ധ്യമങ്ങളുടെ സൃഷ്ടിയാണിതെന്നുമാണ് പാകിസ്ഥാൻ ഇപ്പോൾ പറയുന്നത്.
ദാവൂദിന് അഭയം നൽകിയിട്ടില്ലെന്നായിരുന്നു കാലങ്ങളായുള്ള പാകിസ്ഥാന്റെ വാദം. എന്നാൽ കഴിഞ്ഞദിവസം ദാവൂദ് കറാച്ചിയിലുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. കൂടാതെ ദാവൂദ് ഇബ്രാഹിം, മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദ്, ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസർ എന്നിവർ ഉൾപ്പെടെയുള്ള ഭീകരരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും, നിരോധിക്കപ്പെട്ട 88 ഭീകരസംഘങ്ങളുടെ സ്വത്ത് കണ്ടുകെട്ടുമെന്നും, ബാങ്ക് ഇടപാടുകൾ മരവിപ്പിക്കുമെന്നും പാകിസ്ഥാൻ അറിയിച്ചിരുന്നു.
ആഗസ്റ്റ് 18 നാണ് ഉപരോധം സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്. യു.എൻ രക്ഷാസമിതിയുടെ ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെട്ടവരാണ് പാക് സർക്കാർ നടപടി സ്വീകരിക്കുമെന്നറിയിച്ചിരുന്ന സംഘടനകളും നേതാക്കളും. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്.എ.ടി.എഫ്) ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തുകടക്കാനും കരിമ്പട്ടികയിൽപ്പെടാതിരിക്കാനുമായിരുന്നു പാകിസ്ഥാന്റെ ഭീകരവിരുദ്ധ നടപടികൾ.