ഇടുക്കി: പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന്. പരമാവധി തിരച്ചിൽ നടത്തിയെന്ന് ജില്ലാകളക്ടർ അറിയിച്ചു. തിരച്ചിൽ തുടരുന്നതുമായി ബന്ധപ്പെട്ട് മൂന്നാറിൽ പതിനൊന്ന് മണിക്ക് യോഗം ചേരും.
കാണാതായവരുടെ ബന്ധുക്കളുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുക്കുക.കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ദുരന്തം നടന്ന പ്രദേശത്തു നിന്ന് കിലോമീറ്ററുകളോളം ദൂരയുള്ള ഭൂതക്കുഴി പ്രദേശത്തും ഗ്രാവൽ ബങ്ക് മേഖലയിലുമാണ് ഇന്നലെ തിരച്ചിൽ നടത്തിയത്.
ഭൂതക്കുഴി മേഖലയിൽ കടുവയെ കണ്ടത് തിരച്ചിൽ സംഘത്തിനിടയിൽ ആശങ്ക പരത്തി. കഴിഞ്ഞ ദിവസവും മേഖലയിൽ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. വന പ്രദേശം കേന്ദ്രീകരിച്ചുള്ള തിരച്ചിൽ ഏറെ ദുഷ്‌കരമാണ്. ദുരന്തം നടന്ന പ്രദേശത്ത് മണ്ണു നീക്കം ചെയ്ത് വന്നിരുന്ന പരിശോധനയും ഇതിനകം പൂർത്തിയായി.