തിരുവനന്തപുരം: തലസ്ഥാന നഗരസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം വിമാനത്താവള വിഷയം മുഖ്യതിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുമെന്ന് ബി.ജെ.പി. വിമാനത്താവളത്തിന്റെ സ്വകാര്യവത്‌കരണം ചർച്ചയാകുമെങ്കിലും സാധാരണക്കാരെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങൾക്കും ഇതിനൊപ്പം മുൻഗണന നൽകുമെന്ന് സി.പി.എമ്മും കോൺഗ്രസും. തിരുവനന്തപുരം നഗരസഭാ തിരഞ്ഞെടുപ്പിൽ വിമാനത്താവള വികസനം മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാൻ ബി.ജെ.പി തയ്യാറാണെന്നും എൽ.ഡി.എഫും യു.ഡി.എഫും തയ്യാറാണോയെന്നും കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ചോദിച്ചിരുന്നു. വിഷയത്തിൽ മൂന്ന് പാർട്ടികളുടെയും ജില്ലാ നേതാക്കൾ 'ഫ്ളാഷി'നോട് സംസാരിക്കുന്നു..
പച്ചയായ കള്ള കച്ചവടം (ആനാവൂർ നാഗപ്പൻ,സി.പി.എം ജില്ലാ സെക്രട്ടറി)
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവ്യക്തിക്ക് വിൽക്കാൻ പോകുന്നത് ഞങ്ങളെ സംബന്ധിച്ച് മുഖ്യവിഷയം തന്നെയാണ്. എന്നാൽ, അതായിരിക്കില്ല ഞങ്ങളുടെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം. പാവപ്പെട്ടവന് വീട്, അവന്റെ ജീവിത സൗകര്യങ്ങൾ, ശുചിത്വം, വെളിച്ചം, വിദ്യാഭ്യാസം,ചികിത്സാ സൗകര്യം, ഗതാഗത സൗകര്യം തുടങ്ങിയവയായിരിക്കും മുഖ്യ പ്രചാരണ വിഷയം. ഒരു വർഷം 170 കോടിയോളം രൂപ ലാഭമുള്ള വിമാനത്താവളമാണ് തിരുവനന്തപുരത്തേത്. മുപ്പതിനായിരം കോടിയാണ് ആസ്‌തി. ഒരു നയാപൈസയുടെ ചെലവില്ലാതെയാണ് വിമാനത്താവളം അദാനിക്ക് കച്ചവടം ചെയ്യുന്നത്. പച്ചയായ കള്ള കച്ചവടമാണിത്. കോടികളുടെ അഴിമതിയാണ് കേന്ദ്രം നടത്തിയിരിക്കുന്നത്. ആ അഴിമതിയിൽ പങ്കുള്ളവരാണ് മരണ വെപ്രാളത്തോടെ ഈ വിഷയത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്. ഇവിടത്തെ സാധാരണക്കാർ ആരും പൊതുമുതൽ വിറ്റുതുലയ്‌ക്കാൻ അനുവദിക്കില്ല. പ്രമാണിമാരാണ് സ്വകാര്യവത്‌കരണത്തെ അനുകൂലിക്കുന്നത്. കോൺഗ്രസും ബി.ജെ.പിയും കൺസൾട്ടൻസികളുടെ സഹായങ്ങൾ തേടിയിട്ടുണ്ട്. ഇടതു സർക്കാർ കൺസൾട്ടൻസി സഹായം തേടിയതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. ഒരു വ്യക്തിക്ക് പലരുമായും ബന്ധം കാണും. അതൊന്നും നോക്കിയല്ല കൺസൾട്ടൻസിയെ തീരുമാനിക്കുന്നത്. യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് അദാനിയുടെ ബന്ധുവിനെയും മരുമകളെയുമൊക്കെ തേടി പോകുന്നത്.
നഗരസഭയിൽ ബി.ജെ.പിക്ക് കഴിഞ്ഞ തവണ കിട്ടിയ സീറ്റുകൾ പോലും ഇത്തവണ കിട്ടാൻ പോകുന്നില്ല. എൽ.ഡി.എഫ് മൃഗീയ ഭൂരിപക്ഷത്തോടെ തുടർഭരണം നടത്തും. തിരഞ്ഞെടുപ്പിന് മുമ്പ് എത്ര സീറ്റ് കിട്ടുമെന്ന് പറയുന്നത് ശരിയല്ല. അതുകൊണ്ടുമാത്രം അത് ഞാൻ പറയുന്നില്ല.
സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് (നെയ്യാറ്റിൻകര സനൽ,ഡി.സി.സി അദ്ധ്യക്ഷൻ)
പാവപ്പെട്ടവന്റെ അടിസ്ഥാന പ്രശ്‌നങ്ങളും നഗരസഭയുടെ ഭരണപരാജയവുമായിരിക്കും ഞങ്ങളുടെ മുഖ്യ പ്രചാരണ വിഷയം. കൊവിഡ് പ്രതിരോധത്തിൽ നഗരസഭ തികഞ്ഞ പരാജയമാണ്. ദിവസവും രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. തിരഞ്ഞെടുപ്പിൽ അത് ഉയർത്തിക്കാട്ടും. ജനങ്ങൾക്ക് അടിസ്ഥാനപരമായി വികസനം വേണം. ഇവിടെ ഒരു പദ്ധതിയും ഈ നഗരസഭ നടപ്പാക്കിയിട്ടില്ല.
വിമാനത്താവളവുമായി ബന്ധപ്പെട്ട പാർട്ടി നിലപാട് കെ.പി.സി.സി അദ്ധ്യക്ഷൻ പറഞ്ഞതാണ്. അദാനിക്ക് കൈമാറിയതിനെ ശശിതരൂർ അനുകൂലിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. പാർട്ടി നിലപാട് എന്താണെന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ലാഭത്തിൽ ഓടിയ ലാറ്റക്‌സും, വിജയമോഹിനി സ്‌പിന്നിംഗ് മില്ലുമൊക്കെ അടച്ചുപൂട്ടാൻ പോവുകയാണ്. കോർപ്പറേറ്റ് ഏജന്റുമാരായാണ് എൽ.ഡി.എഫും ബി.ജെ.പിയും പ്രവർത്തിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ് വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് കൈമാറേണ്ടി വന്നത്. കേരളം കേട്ടുകേൾവി പോലുമില്ലാത്ത അഴിമതിയാണ് നടന്നത്. അതു മറച്ചുവയ്ക്കാൻ വേണ്ടിയാണ് സമരപരിപാടികളുമായി സി.പി.എം ഇറങ്ങിത്തിരിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ വരുമാനം കൂടിക്കൂടി വരുമ്പോൾ എന്തിനാണ് സ്വകാര്യവത്‌കരണം എന്ന് മനസിലാകുന്നില്ല. നഗരസഭയുടെ ഭരണപരാജയം ജനങ്ങൾ വിലയിരുത്തിയിട്ടുണ്ട്. ഇപ്രാവശ്യം ഞങ്ങൾ തിരുവനന്തപുരം നഗരസഭ പിടിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
സമസ്ത മേഖലയിലും തൊഴിൽ വർദ്ധന (വി.വി രാജേഷ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് )
ബി.ജെ.പിയുടെ മുഖ്യ പ്രചാരണ വിഷയങ്ങളിൽ പ്രഥമ പരിഗണന വിമാനത്താവള വികസനം തന്നെയായിരിക്കും. തിരുനെൽവേലി മുതൽ പത്തനംതിട്ട വരെയാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ പാസഞ്ചർ ബേയ്‌സ്. അതിന്റെ അർത്ഥം ഇത്രയും ആൾക്കാർ വിമാനത്താവളത്തിൽ വരികയും പോവുകയും ചെയ്യുമെന്നാണ്. വിമാനത്താവള വികസനം ഉണ്ടാകുന്നതോടെ ഇവിടങ്ങളിലെല്ലാം കൂടുതൽ വാഹനങ്ങളുടെയും പെട്രോൾ പമ്പുകളുടെയും ആവശ്യം വരും. കച്ചവട സ്ഥാപനങ്ങൾ, ആശുപത്രികൾ, ഹോട്ടലുകൾ എന്നിവയെല്ലാം കൂടുതൽ വേണ്ടി വരും. അങ്ങനെ വരുമ്പോൾ സമസ്‌ത മേഖലയിലും ആയിരക്കണക്കിന് തൊഴിൽ വർദ്ധന ഉണ്ടാകും. ടെക്‌നോപാർക്കിലേക്ക് പല വിദേശ കമ്പനികളും വരാൻ മടിക്കുന്നത് കണക്‌ടിവിറ്റി പ്രശ്‌നമുള്ളത് കൊണ്ടാണ്. പല രാജ്യങ്ങളിൽ നിന്നും നേരിട്ടുള്ള വിമാനങ്ങൾ തിരുവനന്തപുരത്തേക്കില്ല. ചെറിയ തൊഴിലുകൾ ചെയ്യുന്നവർ മുതൽ ലോകത്തിന്റെ എല്ലാ സാദ്ധ്യതകളുമുള്ള തൊഴിലാളികൾക്ക് വരെ അനന്തമായ സാദ്ധ്യതകളാണ് തിരുവനന്തപുരം വിമാനത്താവള വികസനം വഴി ഉണ്ടാകുന്നത്. ഇതെല്ലാം കേന്ദ്രഭരണത്തിന്റെ സഹായത്തോടെ കൃത്യമായി ചെയ്യാൻ സാധിക്കുക ബി.ജെ.പിക്ക് മാത്രമാണ്.
നഗരസഭയുടെ പരാജയപ്പെട്ട വേസ്‌റ്റ് മാനേജ്മെന്റ്, നഗരത്തിലെ വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്, നഗരസഭയിലെ അഴിമതി, ഫയലുകളുടെ കാലതാമസം, സ്വയം തൊഴിൽ ജോലികളിലെ പരാജയം ഇവയൊക്കെ നഗരസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ പ്രചാരണ വിഷയമാക്കും. ഒന്നോ രണ്ടോ സീറ്റുകളിൽ ജയിക്കുമെന്നല്ലാതെ കോൺഗ്രസിന് അടുത്തകാലത്തൊന്നും നഗരസഭാ ഭരണം കിട്ടാൻ പോകുന്നില്ല. ഇത്തവണ മെച്ചപ്പെട്ട ഭൂരിപക്ഷത്തോടെ ബി.ജെ.പി തിരുവനന്തപുരം നഗരസഭയിൽ അധികാരമേൽക്കും. കഴിഞ്ഞ തവണ ചെറിയ വ്യത്യാസത്തിനാണ് പല സീറ്റുകളിലും തോറ്റത്. ആ സീറ്റുകളെല്ലാം തിരിച്ചുപിടിക്കും.