വെളളമുണ്ട(വയനാട്): വയനാട് വെളളമുണ്ടയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തിയതായി റിപ്പോർട്ട്. പ്രദേശത്തെ ഒരു വീട്ടിൽ ഇന്ന് പുലർച്ചെയാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം എത്തിയത്. വീട്ടുകാരെ വിളിച്ചുണർത്തി അരിയും ഭക്ഷണസാധനങ്ങളും ആവശ്യപ്പെട്ടു. എന്നാൽ വീട്ടിൽ ലൈറ്റിട്ടതോടെ സംഘം ഇരുട്ടിലേക്ക് ഓടിമറയുകയായിരുന്നു. വീട്ടുടമയായ സ്ത്രീയാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും സൂചന ലഭിച്ചോ എന്ന് വ്യക്തമല്ല.
നിരവിൽ പുഴയിലെ മുണ്ടക്കൊമ്പ് കോളനിയിലും ആയുധധാരികളായ മാവോയിസ്റ്റുകൾ കഴിഞ്ഞദിവസം എത്തിയിരുന്നു. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംംഘം രാത്രി എട്ടുമണിയാേടെ പ്രദേശത്തെ വീടുകളിൽ എത്തി അരിയും മറ്റുസാധനങ്ങളും ശേഖരിക്കുകയായിരുന്നു. രണ്ട് സംഘങ്ങളായി തിരിഞ്ഞ് അരമണിക്കൂറോളം സ്ഥലത്ത് ചെലവിട്ടശേഷമാണ് ഇവർ പോയത്. ഇവർ എങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണമാരംഭിച്ചെങ്കിലും സംഘത്തെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ജയണ്ണ, സുന്ദരി, ഉണ്ണിമായ എന്നിവരടങ്ങുന്ന സംഘമാണ് പ്രദേശത്ത് എത്തിയതെന്നാണ് സൂചന.
വീണ്ടും മാവോയിസ്റ്റുകൾ എത്താൻ സാദ്ധ്യത ഉളളതിനാൽ പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മാവോയിസ്റ്റുകൾക്കുവേണ്ടി ശക്തമായ തെരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.