തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങൾക്കിടയിൽ 'പണി തുടങ്ങി' അദാനി ഗ്രൂപ്പ്. വിമാനത്താവളം നടത്തിപ്പ് ഏറ്റെടുക്കുന്നതിനെതിരെ ഉയർന്നുവന്ന ഏറ്റവും വലിയ ആക്ഷേപം അദാനി ഗ്രൂപ്പിന് ഈ മേഖലയിൽ വേണ്ടത്ര പരിചയമില്ലെന്നതാണ്.അതുകൊണ്ടുതന്നെ ഈ ആക്ഷേപം മറികടക്കാനാണ് ആദ്യ ശ്രമം.
ഇതിനായി ജർമ്മനിയിലെ എഫ്.എം.ജി കമ്പനിയെ കൂട്ടുപിടിച്ചിരിക്കുകയാണ് അദാനി ഗ്രൂപ്പ്.മ്യൂണിക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പുകാരും, ജർമ്മൻ സർക്കാരിന് 26 ശതമാനം ഓഹരിയുമുള്ള കമ്പനിയാണിത്. 75രാജ്യങ്ങളിലെ 254നഗരങ്ങളിലേക്ക് 4.17ലക്ഷം സർവീസുകൾ നടത്തുന്ന മ്യൂണിക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പുകാർ, വർഷം 4.8കോടി യാത്രക്കാരുള്ള ഇത് ലോകറാങ്കിംഗിൽ ഏഴാമതാണ്. ബവാരിയ സംസ്ഥാനത്തിന് 51%, മ്യൂണിക്ക് സ്റ്റേറ്റ് ക്യാപിറ്റലിന് 23% ഓഹരി അങ്ങനെ പ്രത്യേകതകൾ നിരവധിയാണ്.
വിമാനത്താവളത്തിന്റെ ഓപ്പറേഷൻ, മെയിന്റനൻസ് എന്നിവ ഈ കമ്പനിക്ക് ഇതിനോടകം ഉപകരാർ നൽകിക്കഴിഞ്ഞു. അദാനി ഗ്രൂപ്പിന് വിമാനത്താവളം നടത്തിപ്പിൽ വേണ്ടത്ര പരിചയമില്ലെങ്കിലും, വിമാനത്താവള നടത്തിപ്പിൽ വിപുലമായ പരിചയമുള്ള ജർമ്മൻ കമ്പനി വന്നാൽ യൂറോപ്പിലേക്കടക്കം തിരുവനന്തപുരത്തുനിന്ന് സർവീസ് തുടങ്ങാം. ഇതുവഴി തിരുവനന്തപുരം വിമാനത്താവളത്തിന് കൂടുതൽ പ്രശസ്തിയും കൈവന്നേക്കും.
അതേസമയം, പാട്ടക്കരാർ ഒപ്പിടാൻ അനിവാര്യമായ സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റ് അദാനിക്ക് നൽകില്ലെന്ന് സർക്കാർ നിലപാടെടുത്തു. ആഭ്യന്തര ടെർമിനലിൽ ഉൾപ്പെടെ വൈദ്യുതി, കുടിവെള്ളം, റോഡ് കണക്ടിവിറ്റി അടക്കം അടിസ്ഥാന സൗകര്യങ്ങൾക്ക് സംസ്ഥാനവുമായി അദാനി കരാറുണ്ടാക്കണം. നിയമപോരാട്ടത്തിൽ അദാനി അമ്പതുവർഷത്തേക്കുള്ള പാട്ടക്കരാർ നേടിയാലും ഈ കരാർ ഒപ്പിടേണ്ടെന്നാണ് സർക്കാർ തീരുമാനം. വിമാനത്താവളത്തിലെ കെ.എസ്.ഇ.ബി സബ്‌സ്റ്റേഷനിലൂടെയാണ് വൈദ്യുതി ഉറപ്പാക്കുന്നത്. കാർഗോ കോംപ്ലക്സ് എയർപോർട്ട് അതോറിട്ടി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിക്ക് കൈമാറിയിരിക്കുകയാണ്. തുടർനടപടികളുമായി സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.