onam

തിരുവനന്തപുരം: കൊവിഡിന്റെ ഭീതിയിലാണെങ്കിലും നഗരം ഓണത്തിന്റെ തിരക്കിലേക്ക് അമർന്നതോടെ വ്യാപാര സ്ഥാപനങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ കർശന നടപടികളുമായി സിറ്റി പൊലീസ് രംഗത്ത്. നഗരത്തിലെ കടകളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി സിറ്റി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ)​മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യം നിരീക്ഷിക്കുക. വ്യാപാര സ്ഥാപനങ്ങളുടെ പ്രതിനിധികളും പ്രാദേശിക കമ്മിറ്റികളിൽ ഉണ്ടാകും.

 മാർക്കറ്റ് മാനേജ്മെന്റെ കമ്മിറ്റികൾ


എസ്.എച്ച്.ഒമാരും വ്യാപാര പ്രതിനിധികളുമടങ്ങുന്ന സംഘം എപ്പോഴും നഗരത്തിൽ സജീവമായിരിക്കും. കടകളിൽ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ,​ മാസ്ക് ധരിക്കുന്നുണ്ടോ,​ സാനിറ്റൈസറും മറ്റും ഏർപ്പാടാക്കിയിട്ടുണ്ടോ എന്നതടക്കമുള്ള എല്ലാകാര്യങ്ങൾ പരിശോധിച്ചു ഉറപ്പുവരുത്തും. ഓണക്കാലത്ത്പൊലീസും വ്യാപാരികളും തമ്മിൽ വാക്കുതർക്കവും മറ്റുമുണ്ടാകാതിരിക്കാനും ശ്രദ്ധിക്കും. വ്യാപാരികളുടെ പ്രതിനിധികളെ കൂടെ ഇതിന്റെ ഭാഗമാക്കിയതിന് ഒരു കാരണം ഇതാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ.ദിവ്യ ഗോപിനാഥ് പറഞ്ഞു.

 തിരക്ക് നോക്കി നിയന്ത്രണം


എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും ഒരേ തരത്തിതിലുള്ള നിയന്ത്രണം നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് ഡി.സി.പി പറഞ്ഞു. അതിനാൽ സ്ഥാപനങ്ങളിലേക്കുള്ള തിരക്കും കൂടി കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. തിരക്കേറിയ ചാലയിൽ റൊട്ടേഷൻ സമ്പ്രദായം കൊണ്ടുവന്നത് ഇതിന്റെ ഭാഗമാണെന്നും അവർ കൂട്ടിച്ചേർത്തു.

 സ്വയം മാതൃക


കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സ്വയം നിയന്ത്രണങ്ങളും മറ്റും ഏർപ്പെടുത്തി വ്യാപാര കേന്ദ്രങ്ങൾ തന്നെ സ്വയം മാതൃകയാവുന്ന സ്ഥിതിയും നഗരത്തിലുണ്ട്. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് അകത്ത് ആളെണ്ണം കൂടുതലാണെങ്കിൽ പുറത്ത് വിശ്രമിക്കാൻ സൗകര്യം ഒരുക്കിയ വസ്ത്ര വ്യാപാരശാലകൾ വരെയുണ്ട്. ആവശ്യമുള്ളവർക്ക് ഗ്ലൗസും സർജിക്കൽ മാസ്കും വരെ ഇവർ നൽകുന്നുണ്ട്.

 പച്ചക്കറി വിപണി

പച്ചക്കറി വിപണി ഈയാഴ്ചയോടെ സജീവമാകും. തമിഴ്നാട് ഉൾപ്പെടെയുള്ള അന്യ സംസ്ഥാനങ്ങളിൽ നിന്നു പച്ചക്കറികൾ ചാലയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. വഴിയോര വിപണികളും സജീവമായി. മുൻകാലങ്ങളിൽ കോർപ്പറേഷൻ ഇവർക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇക്കുറി അതില്ല. കിഴക്കേക്കോട്ട ഉൾപ്പെടെയുളള കേന്ദ്രങ്ങളാണ് നഗരത്തിലെ പ്രധാന വഴിയോര കച്ചവട സ്ഥലങ്ങൾ.