baby

കട്ടപ്പന: നഗരത്തിലെ ഹോസ്റ്റൽ മുറിയിൽ പ്രസവിച്ച അവിവാഹിതയായ ബാങ്ക് ജീവനക്കാരിയുടെ കുഞ്ഞ് മരിച്ച സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ 21ന് പുലർച്ചെയായിരുന്നു സംഭവം. മൂലമറ്റം സ്വദേശിയാണ് യുവതി.

സഹോദരിക്കൊപ്പമായിരുന്നു യുവതിയുടെ താമസം. എന്നാൽ ഗർഭിണിയാണെന്ന വിവരം സഹോദരിയിൽ നിന്ന് മറച്ചുവച്ചു. പ്രസവ വേദന അനുഭവപ്പെട്ടതോടെ യുവതി തന്ത്രപൂർവം സഹോദരിയെ പുറത്തേക്ക് പറഞ്ഞുവിട്ടു. കുറച്ചുസമയം കഴിഞ്ഞ് സഹോദരി തിരികെ എത്തിയപ്പോഴാണ് യുവതി ഒരു ആൺകുഞ്ഞിനെ പ്രസവിച്ച വിവരം അറിയുന്നത്. തുടർന്ന് വീട്ടുകാരെ വിളിച്ചുവരുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസവിക്കുമ്പോൾ കുഞ്ഞ് മരിച്ചനിലയിൽ ആയിരുന്നു എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇക്കാര്യം പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ ശരിയായ മരണകാരണം പറയാകൂ എന്നാണ് പൊലീസ് പറയുന്നത്.