തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകുന്നതിനെ പരസ്യമായി എതിർത്ത സംസ്ഥാന സർക്കാർ രഹസ്യമായി അദാനിയെ സഹായിക്കുകയായിരുന്നു എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ലേലത്തിൽ പങ്കെടുക്കാനുളള ഉപദേശം ആരുടേതായിരുന്നു എന്നും അദ്ദേഹം ചോദിച്ചു.
'സർക്കാരിന്റെ സമിതിയാണ് ടെൻഡറില്ലാതെ അദാനിയുടെ മരുമകളുടെ കമ്പനിയെ തെരഞ്ഞെടുത്തത്. എന്തുകൊണ്ട് സിയാലിനെ കൺസൾട്ടന്റാക്കിയില്ല.ലാഭകരമായി വിമാനത്താവളം നടത്തി പരിചയമുളള സിയാലിനെ ഒഴിവാക്കിയത് ഗൗരവമുളളതാണ്. കെ പി എം ജിയുടെ കൺസൾട്ടൻസിയായുളള വരവ് തന്നെ ദുരൂഹമാണ്. വളരെ ദുരൂഹമായ ഇടപാടുകളാണ് നടന്നത്. ആർ നിർദേശിച്ചിട്ടാണ് ടെൻഡറില്ലാതെ ഈ രണ്ട് കമ്പനിയെ കൺസൾട്ടന്റാക്കിയത്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു എന്നാണ് ഞാൻ മനസിലാക്കുന്നത്'- ചെന്നിത്തല ആരോപിച്ചു.
അദാനിയുടെ താത്പര്യം സംരക്ഷിച്ച് ജനങ്ങളെ വഞ്ചിക്കുന്ന മുഖ്യമന്ത്രിയെ വിശ്വസിക്കാൻ കൊളളില്ലെന്നും ഇരയോടൊപ്പാണെന്ന് പറയുകയും വേട്ടക്കരോടൊപ്പം ഇരുട്ടിന്റെ മറവിൽ വേട്ട നടത്തുകയും ചെയ്യുന്ന ഈ സർക്കാരിനോടൊപ്പം പ്രതിപക്ഷമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.