jose-k-mani-and-benny-beh

കൊച്ചി: ജോസ് കെ മാണി വിഭാഗത്തിന് യു ഡി എഫിന്റെ അന്ത്യശാസനം. സർക്കാരിനെതിരെയുളള അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചില്ലെങ്കിൽ മുന്നണിയിൽ നിന്ന് പുറത്താക്കുമെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബെഹനാൻ സൂചന നൽകി. അച്ചടക്ക ലംഘനത്തിനുളള സസ്പെൻഷൻ മാത്രമാണ് ഇപ്പോൾ. ഇനിയും അച്ചടക്ക ലംഘനം ആവർത്തിച്ചാൽ കടുത്ത നടപടി ഉണ്ടാവും. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചാൽ മുന്നണിയിൽ തിരിച്ചെടുക്കുന്ന കാര്യം ചർച്ചചെയ്യുമെന്നുമാണ് ബെന്നി ബഹനാൻ പറയുന്നത്.

'യു ഡി എഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ അംഗീകരിക്കാത്തതിനെ തുടർന്നാണ് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ നിന്ന് മാറ്റിനിറുത്തിയിരിക്കുന്നത്. സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും യു ഡി എഫ് ഒറ്റക്കെട്ടായാണ് തീരുമാനിച്ചത്. യു ഡി എഫ് തീരുമാനത്തോട് നിസ്സഹകരിക്കാനാണ് ഇത്തവണയും ശ്രമിക്കുന്നതെങ്കിൽ അനന്തര നടപടികൾ എന്താണെന്ന് മുന്നണി നേതൃത്വം ആലോചിച്ച് തീരുമാനിക്കും. യു ഡി എഫിന്റെ തീരുമാനത്തെ ലംഘിക്കുന്നത് ഗുരുതര അച്ചടക്ക ലംഘനമാണ്. നടപടിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാവില്ല. മുന്നണിയിലെ ഒരു അംഗമെന്ന നിലയിൽ തീരുമാനങ്ങൾ ഉൾക്കൊളളാൻ ജോസ് വിഭാഗത്തിന് ബാദ്ധ്യതയുണ്ട്. തെറ്റായ തീരുമാനങ്ങൾ തിരുത്താൻ ഇനിയും സമയമുണ്ട്. യു ഡി എഫിന്റെ നിലപാട് വളരെ വ്യക്തമാണ്. പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്താൽ തിരിച്ചെടുക്കുന്ന കാര്യം അപ്പോൾ ചർച്ചചെയ്യാം- ബെന്നി പറഞ്ഞു.

യു ഡി എഫ് മാറ്റി നിറുത്താൻ തീരുമാനിച്ചതോടെ ഇടതുമുന്നണിയോട് അടുക്കാനായിരുന്നു ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. ഇതിനായി ചില അനൗപചാരിക ചർച്ചകളും നടത്തിയിരുന്നു. അതിനിടെയാണ് സ്വർണക്കടത്തുവിഷയം ഉയർന്നുവന്നത്. അതോടെ ചർച്ചകൾ അവസാനിപ്പിക്കുകയും ഇരുമുന്നണികളെയും എതിർത്തോ അനുകൂലിച്ചോ പരസ്യപ്രകടനം വേണ്ടെന്ന് തീരുമാനമെടുക്കുകയും ചെയ്യുകയായിരുന്നു.