ന്യൂഡൽഹി:കോൺഗ്രസ് പാർട്ടിയിൽ ഗണ്യമായ മാറ്റങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി വർക്കിംഗ് കമ്മിറ്റിയിൽ നിന്നുൾപ്പെടെയുളള 23 മുതിർന്ന നേതാക്കൻമാർ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നൽകി. ഇതിന്റെ ഭാഗമായി കോൺഗ്രസ് പ്രവർത്തക സമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച യോഗം ചേരും.
പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് കോൺഗ്രസിന്റെ പുതിയ നീക്കമെന്നാണ് സൂചന. കോൺഗ്രസ് പാർട്ടിക്കുളളിൽ സമഗ്രമായ അഴിച്ചുപണി വേണമെന്നും ഇതിനായി അടിയന്തര നടപടി ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് രണ്ടായ്ഴച മുമ്പ് കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തയച്ചത്. കോൺഗ്രസ് പ്രവർത്തക സമിതിയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഫലപ്രദമായ നേതാക്കളെ തിരഞ്ഞെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
പാർട്ടി ചുമതലയിലേക്കുളള തിരിച്ചുവരവിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇതുവരെ താൽപ്പര്യം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും പാർട്ടിയിൽ തന്നെയുളള ചില നേതാക്കൾ രാഹുലിന്റെ തിരിച്ചുവരവിനെ ശക്തമായി എതിർക്കുന്നുണ്ട്. സോണിയ ഗാന്ധി തന്നെ അദ്ധ്യക്ഷ സ്ഥാനത്ത് തുടർന്നേക്കുമെന്ന തരത്തിലുളള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ മൻമോഹൻ സിംഗ്,എ.കെ ആൻറണി തുടങ്ങിയ മുതിർന്ന നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിൽ വരണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നത്. ബ്ലോക്ക് മുതൽ പ്രവർത്തക സമിതി വരെയുളള എല്ലാ തട്ടിലും അടിയന്തരമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. നിലവിലെ പ്രവർത്തക സമിതിക്ക് പാർട്ടിയെ പ്രതിസന്ധിഘട്ടങ്ങളിൽ നയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.