ന്യൂഡൽഹി: നിർത്തിവെച്ചിരിക്കുന്ന സിനിമ-ടിവി ചിത്രീകരണം പുനരാരംഭിക്കുന്നതിനുള്ള മാർഗനിർദേശം (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ -എസ്ഒപി) പുറത്തിറക്കി കേന്ദ്ര സർക്കാർ. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ എല്ലാ മാർഗനിർദ്ദേശങ്ങളും പാലിച്ചായിരിക്കണം പരിപാടികളുടെ ചിത്രീകരണമുൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്താൻ.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവുമായും കൂടിയാലോചിച്ച ശേഷമാണ് നടപടി. ക്യാമറയ്ക്ക് മുന്നിലുള്ള അഭിനേതാക്കളെ മാസ്‌ക് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കും. ക്രൂ അംഗങ്ങൾ ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്.
കൊവിഡ് വ്യാപനം തടയാൻ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയ മാർച്ച് 25 മുതൽ സിനിമകളുടെയും ടെലിവിഷൻ പരിപാടികളുടെയും നിർമ്മാണം നിർത്തിവച്ചിരിക്കുകയാണ്. ഇതുമൂലം നിരവധി പേരാണ് ദുരിതം അനുഭവിക്കുന്നത്. 68 ദിവസത്തെ കർശന നിയന്ത്രണങ്ങൾക്ക് ശേഷം ജൂൺ മുതൽ സർക്കാർ 'അൺലോക്ക്' പ്രക്രിയ ആരംഭിച്ചു.
ചിത്രീകരണമുൾപ്പെടെയുള്ള ജോലികൾ പുനരാരംഭിക്കാൻ നേരത്തേ ആവശ്യമുയർന്നിരുന്നു. ചില സംസ്ഥാനങ്ങൾ ഇതിനിടയിൽ ഷൂട്ടിംഗ് പുനരാരംഭിക്കാൻ അനുവദിച്ചു. ഞായറാഴ്ച പ്രഖ്യാപിച്ച ടിവി, സിനിമ പ്രൊഡക്ഷൻ ഹൗസുകൾക്കായുള്ള മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഉയർന്ന അപകടസാധ്യതയുള്ള ജീവനക്കാർ അധിക മുൻകരുതലുകൾ എടക്കേണ്ടിവരും, പൊതുജനങ്ങളുമായി സമ്പർക്കം ആവശ്യമുള്ള ജോലികൾക്ക് വിധേയരാകരുതെന്ന് അവർക്ക് നിർദേശം നൽകുന്നു. എല്ലാവർക്കും മാസ്‌കുകൾ നിർബന്ധമാക്കും, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്, കൂടാതെ ആരോജ്യ സെതു ആപ്ലിക്കേഷന്റെ ഉപയോഗം നിർദ്ദേശിക്കും.സെറ്റുകളുടെ എൻട്രി പോയിന്റുകളിൽ താപ സ്‌ക്രീനിംഗ് നിർബന്ധമാണ്, കൂടാതെ ലക്ഷണമില്ലാത്ത വ്യക്തികളെ മാത്രമേ പരിസരത്ത് അനുവദിക്കൂ. എല്ലായ്‌പ്പോഴും ശാരീരിക അകലം പാലിക്കണം.