ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലുളള ഐസിസ് ഭീകരവാദിയുടെ വീട്ടിൽ നിന്നും ഉഗ്ര സ്ഫോടക വസ്തുക്കൾ പൊലീസ് കണ്ടെടുത്തു. മുഹമ്മദ് മുഷ്താകീം ഖാൻ എന്ന 36 കാരന്റെ വീട്ടിൽ നിന്നുമാണ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. കഴിഞ്ഞ ദിവസമാണ് ഇയാൾ ഡൽഹി പൊലീസിന്റെ പിടിയിലാകുന്നത്.
ഡൽഹിയിലെ നടപാതയിൽ മനുഷ്യ ബോംബായി ആക്രമണം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. 15 കിലോ ഭാരമുള്ള രണ്ട് പ്രഷർ കുക്കർ ഐ.ഇ.ഡികളും ,30 പിസ്റ്റലുകളും നാല് വെടിയുണ്ടകളുമാണ് ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തത്.
ഐസിസുമായി ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ കഴിഞ്ഞ ഒരു വർഷമായി നിരീക്ഷിച്ച് വരികയാണെന്നും
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡർമാരുമായി ഖാൻ നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും സ്പെഷ്യൽ സെൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പ്രമോദ് കുശ്വാഹ പറഞ്ഞു. വർഷങ്ങളായി ഇയാൾക്ക് ഐസിസ് നേതാക്കളുമായി ബന്ധമുണ്ടായിരുന്നതായും പൊലീസ് പറയുന്നു.ഇവരിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണ് ഖാൻ ഡൽഹിയിൽ സ്ഫോടനം നടത്താൻ തീരുമാനിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
ഓഗസ്റ്റ് 15ന് സ്ഫോടനം നടത്താനായിരുന്നു ഇയാളുടെ നീക്കം.എന്നാൽ ഡൽഹിയിൽ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നതിനാൽ ദൗത്യം ഉപേക്ഷിക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ ഖാൻ പറഞ്ഞു.