jose-and-joseph

തിരുവനന്തപുരം: സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന യു ഡി എഫ് അന്ത്യശാസനം ജോസ് കെ മാണി തളളി. യു ഡി എഫ് കൺവീനർ നേരത്തേ പുറത്താക്കൽ പ്രഖ്യാപിച്ചതാണെന്നും ഒരു പാർട്ടിയെ പുറത്താക്കിയശേഷം വീണ്ടും അച്ചടക്കനടപടി എന്നുപറയുന്നത് എന്ത് ന്യായമാണെന്നും അദ്ദേഹം ചോദിച്ചു.

'വിപ്പ് നൽകാനുളള അധികാരം മുന്നണിക്കില്ല. നിയമസഭാ രേഖകൾ പ്രകാരം അതിനുളള അവകാശം റോഷി അഗസ്റ്റിനാണ്. സഭയിൽ സ്വതന്ത്ര നിലപാടായിരിക്കും എടുക്കുക. അവിശ്വാസ പ്രമേയത്തിന്റെ കാര്യത്തിലും അതാകും തീരുമാനം'- ജോസ് കെ മാണി പറഞ്ഞു.

മുന്നണിയോഗത്തിൽ നിന്ന് പുറത്താക്കിയെങ്കിലും ജോസ് പക്ഷത്തെ രണ്ട് എം എൽ എ മാർക്കുകൂടി യു ഡി എഫ് നേരത്തേ വിപ്പ് നൽകിയിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യണമെന്നും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കണമെന്നും ആവശ്യപ്പെട്ട് കേ‌രള കോൺഗ്രസിന്റെ വിപ്പ് മോൻസ് ജോസഫും ഇവർക്ക് നൽകിയിരുന്നു. അതേസമയം, രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്നും അവിശ്വാസപ്രമേയ ചർച്ചയിൽ നിന്നും വിട്ടുനിൽക്കാൻ ജോസ് പക്ഷത്തെ റാേഷി അഗസ്റ്റിൻ ജോസഫ് പക്ഷത്തെ മൂന്ന് എം എൽ എമാർക്ക് തിരിച്ചും വിപ്പുനൽകി. എം എൽ എ ഹോസ്റ്റലിലെ ഇരു വിഭാഗത്തിലെയും എം എൽ എമാരുടെ മുറികൾക്കുമുന്നിൽ വിപ്പ് പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിപ്പ് ലംഘിച്ചാൽ നടപടി എന്നാണ് ഇരുപക്ഷവും പറയുന്നത്.