കാബൂൾ: ഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി. ദാവൂദ് കറാച്ചിയിലുണ്ടെന്ന് പറഞ്ഞ് 24 മണിക്കൂർ തികയുന്നതിനിടെയാണ് മലക്കം മറിച്ചിൽ. ദാവൂദ് പാകിസ്ഥാനിലെ കറാച്ചിയിലുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന മാദ്ധ്യമവാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറയുന്നു.
പാകിസ്ഥാൻ സ്ഥിരീകരിച്ച വാർത്തയ്ക്കെതിരെയാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. മുമ്പും പലതവണ ദാവൂദിനെ സംരക്ഷിക്കുന്നത് പാകിസ്ഥാനാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. അന്നും പാകിസ്ഥാൻ ആ വാദങ്ങളെ നിഷേധിച്ചിരുന്നു. ദാവൂദിന് പാകിസ്ഥാനിലേക്ക് കടക്കാൻ അനുമതിയില്ലെന്നാണ് ഇക്കാര്യത്തിൽ അവർ നൽകുന്ന വിശദീകരണം.
കറാച്ചിയിലെ വെറ്റ് ഹൗസ് എന്ന കെട്ടിടത്തിൽ ദാവൂദ് താമസിക്കുന്നതായാണ് പാകിസ്ഥാൻ പുറത്തുവിട്ട വിവരം.
ഭീകര സംഘടനകൾക്ക് സാമ്പത്തികമായി പിന്തുണ നൽകുന്നതിനെ ചെറുക്കാനും ഇതിനെതിരെ നടപടിയെടുക്കുകയും ചെയ്യുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന് പാകിസ്ഥാൻ നൽകിയ പട്ടികയിൽ ദാവൂദിന്റെ പേരും ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയിദ്, ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. നിരോധിക്കപ്പെട്ട 88 ഭീകര സംഘങ്ങുടെ സ്വത്ത് കണ്ടുകെട്ടുമെന്നും പാകിസ്ഥാൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിഷേധ വാർത്തയുമെത്തിയത്.
പാരീസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എഫ്.എ.ടി.എഫ് ഭീകര സംഘടനകൾക്ക് പിന്തുണ നൽകുന്നതിന്റെ പേരിൽ പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ നിന്നും പുറത്തു കടക്കാനായി രാജ്യത്ത് പ്രവർത്തിക്കുന്ന 88 അനധികൃത ഭീകര സംഘടനകളുടെ വിവരങ്ങൾ എഫ്.എ.ടി.എഫിന് പാകിസ്ഥാൻ കൈമാറിയിട്ടുണ്ട്. ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ടത് മൂലം ഐ.എം.എഫ്, വേൾഡ് ബാങ്ക്, യൂറോപ്യൻ യൂണിയൻ എന്നിവയിൽ നിന്നും സാമ്പത്തിക പിന്തുണ ലഭിക്കില്ലെന്ന സാഹചര്യത്തിലാണ് പാകിസ്ഥാൻ പട്ടികയിൽ നിന്നും പുറത്തുകടക്കാൻ ശ്രമിക്കുന്നത്.