വാഷിംഗ്ടൺ: തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കള്ളം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യാറുണ്ടെന്ന് സഹോദരി മാരിൻ ബാരി ട്രംപ്.
സഹോദര പുത്രിയും 'ടൂ മച്ച് ആന്റ് നെവർ ഇനഫ്; ഹൗ മൈ ഫാമിലി ക്രിയേറ്റഡ് ദ മോസ്റ്റ് ഡേഞ്ചറസ് മാൻ' എന്ന പുസ്തകത്തിന്റെ രചയിതാവുമായ മേരി എൽ. ട്രംപിനോട് നടത്തിയ സംഭാഷണത്തിലാണ് മാരിൻ, ട്രംപിനെ രൂക്ഷമായി വിമർശിച്ചത്. ഇതാദ്യമായാണ് മാരിന്റെ അഭിപ്രായം പുറത്തുവരുന്നത്.
ട്രംപിനെതിരെയുള്ള മേരിയുടെ പുസ്തകം പുറത്തിറങ്ങും മുമ്പേ വിവാദമായിരുന്നു.
'ഞാൻ ഫെഡറൽ ജഡ്ജിയായി സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് അമേരിക്കയിലേക്കുള്ള അഭയാർത്ഥി വിഷയത്തിൽ ട്രംപിന്റെ നിലപാട് അവരെ അതിർത്തിയിലേക്ക് അടുപ്പിക്കില്ല ഇന്നായിരുന്നു. കുട്ടികളെ മാതാപിതാക്കളിൽ നിന്നകറ്റി ഇടുങ്ങിയ ക്വാർട്ടേഴ്‌സുകളിലാണ് താമസിപ്പിച്ചിരുന്നത്. ജീവിതത്തിൽ ഒരു തത്വങ്ങളുമില്ലാത്ത മനുഷ്യനാണ് ട്രംപ്. അവന്റെ ഓരോ ട്വീറ്റും എത്ര കള്ളങ്ങളാണ്. അഭയാർത്ഥികളോട് മാന്യമായി പെരുമാറാത്തതിന് കോടതിയിലെ ജഡ്ജിക്കെതിരെ വരെ ഞാൻ നിലകൊണ്ടിട്ടുണ്ട്. ഇതൊന്നും ട്രംപിന് മനസിലായിട്ടില്ലാത്തതിൽ വിഷമം തോന്നുന്നു. ദൈവ വിശ്വാസിയാണെങ്കിൽ മറ്റുള്ളവർക്ക് നന്മ മാത്രമേ ചെയ്യുകയുള്ളൂ. ഇത്തരത്തിൽ ക്രൂരത ചെയ്യുന്നവരെ എങ്ങനെയാണ് ദൈവവിശ്വാസിയെന്ന് വിളിക്കുക'യെന്നും മാരിൻ ചോദിക്കുന്നു. മേരി ട്രംപ് ഒഴികെ മറ്റാരും പ്രസിഡന്റിനെ പരസ്യമായി വിമർശിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മാരിന്റെ വാക്കുകൾ വൈറലായിക്കഴിഞ്ഞു.
ട്രംപിന്റെ സഹോദരനായ ഫ്രെഡി ട്രംപിന്റെ മകളാണ് മേരി ട്രംപ്. തന്റെ പിതാവ് ഒരു മദ്യപാനിയായിരുന്നെന്നും പിതാവിന്റെ സഹോദരങ്ങളുടെ നിശബ്ദതയും നിഷ്ക്രിയത്വവും അദ്ദേഹത്തെ നശിപ്പിച്ചെന്നും ഇവർ പറയുന്നു. തന്റെ രാജ്യത്തെ ട്രംപ് നശിപ്പിക്കുന്നത് കണ്ടു നിൽക്കാനാവില്ലെന്ന് ഇവർ സി.എൻ.എന്നിനോട് പറഞ്ഞിരുന്നു.
ഓരോ ദിവസവും ഇത്തരത്തിൽ ഓരോ പ്രചാരണങ്ങളുണ്ടാകും. ഇതൊക്കെ ആരു ശ്രദ്ധിക്കാനെന്നാണ് സഹോദരിയുടെ വിവാദങ്ങളോട് ട്രംപിന്റെ മറുപടി. എന്റെ സഹോദരൻ റോബർട്ട് പോയ വിഷമത്തിലാണ് ഞാൻ. ആ ദുഃഖത്തിനിടയിലും ഞങ്ങളുടെ വിജയത്തിനായുള്ള പരിശ്രമത്തിലാണ് താനെന്നും ട്രംപ് കൂട്ടിച്ചേർത്തു.