tshirt

വാഷിംഗ്ടൺ: ഗിന്നസ് വേൾഡ് റെക്കോഡ് നേടാനായി ഒന്നിന് പുറകെ ഒന്നായി ടെഡ് ഹേസ്റ്റിംഗ്സ് ധരിച്ചത് 260 ടീ ഷർട്ടുകൾ. 2019ലാണ് ഈ റെക്കാഡ് ടെഡ് നേടിയത്. എന്നാൽ, ഗിന്നസ് വേൾഡ് റെക്കാഡ്‌സ് ടെഡിന്റെ നേട്ടത്തിന്റെ വീഡിയോ അഞ്ചു ദിവസത്തിന് മുമ്പാണ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്. ഇത് വൈറലായി മാറി.

ടി ഷർട്ടുകളിടാൻ മൂന്ന് നാല് പേര്‍ ടെഡിനെ സഹായിക്കുന്നത് വീഡിയോയിൽ കാണാം. മീഡിയം സൈസ് മുതൽ 20X സൈസ് വരെയുള്ള ടി ഷർട്ടാണ് ടെഡ് ധരിച്ചത്. ഇടയ്ക്കിരുന്നും നിന്നുമൊക്കെയാണ് ടെഡ് ടി ഷർട്ടിട്ടത്.

ഒപ്പമുള്ളവർ ഷർട്ടുകളെണ്ണുന്നതും ടെഡിന് ഫ്രെയിം ചെയ്ത റെക്കാഡ് കൈമാറുന്നതും വീഡിയോയിൽ കാണാം.

റെക്കാഡിനൊപ്പം ലഭിച്ച തുക ഒരു സ്‌കൂളിലെ കളിസ്ഥല നിർമ്മാണത്തിനായി ടെഡ് നൽകി. കഠിനാദ്ധ്വാനത്തിന്റെയും പ്രതിബദ്ധതയുടേയും പ്രാധാന്യത്തെക്കുറിച്ച് മക്കളായ വില്യത്തിനും അവേറിയ്ക്കും തന്റെ നേട്ടത്തിലൂടെ മനസിലാക്കിക്കൊടുക്കാൻ സാധിച്ചെന്ന് ടെഡ് പറഞ്ഞു.