trodi

വാഷിംഗ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കേ, ഇന്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറക്കിയ പ്രചാരണ വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും.

'ഇനി നാലുവർഷം കൂടി' എന്ന തലക്കെട്ടിൽ ട്രംപിന്റെ കാമ്പെയിൻ ടീം പുറത്തിറക്കിയ ആദ്യ വീഡിയോയിലാണ് അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിയിൽ മോദി നടത്തിയ പ്രസംഗങ്ങളുടെ ദൃശ്യങ്ങളും അഹമ്മദാബാദിലെ നമസ്‌തേ ട്രംപ് പരിപാടിയിലെ ദൃശ്യങ്ങളുമുള്ളത്.

20 ലക്ഷത്തിലധികം വരുന്ന അമേരിക്കയിലെ ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ടാണ് ടീം ട്രംപ് മോദിയുമായുള്ള വീഡിയോ ഇറക്കിയിരിക്കുന്നത്.

'അമേരിക്ക സ്നേഹിക്കുന്നു ഇന്ത്യയെ' എന്ന ടാഗ്‌ലൈനിൽ പുറത്തിറക്കിയ വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രധാന ആകർഷണം.

ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച ട്രംപിന് അഹമ്മദാബാദിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വലിയ സ്വീകരണം നൽകിയിരുന്നു. ഹൂസ്റ്റണിൽ മോദിയ്ക്ക് ഹൗഡി മോദി എന്ന പേരിൽ നേരത്തെ സ്വീകരണപരിപാടി ഒരുക്കിയിരുന്നു. ഹൂസ്റ്റണിലെ പരിപാടിയിൽ അടുത്ത യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് വോട്ട് ചെയ്യണമെന്ന് മോദി പറഞ്ഞത് വലിയ ചർച്ചയും വിവാദവുമായിരുന്നു. അമേരിക്കയും ഇന്ത്യയും തമ്മിൽ വലിയ ബന്ധമാണുള്ളതെന്നും ട്രംപിന് ഇന്ത്യൻ വംശജരായ യു.എസ് പൗരന്മാരിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ട്രംപ് വിക്ടറി ഫിനാൻസ് കമ്മിറ്റി നാഷണൽ ചെയർപേഴ്‌സൺ പറഞ്ഞു. ഡെമോക്രാറ്റിക്ക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനേക്കാൾ പിന്തുണ ഇന്ത്യക്കാർക്കിടയിൽ തനിക്കുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. മിഷിഗൺ, പെൻസിൽവാനിയ, ഓഹിയോ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്ത്യൻ-അമേരിക്കൻസിന്റെ പിന്തുണ നിർണായകമാണെന്ന് ട്രംപിന്റെ കാമ്പെയിൻ കമ്മിറ്റി കണക്കുകൂട്ടുന്നു. മോദിയുമായുള്ള ട്രംപിന്റെ സൗഹൃദം, ഡെമോക്രാറ്റുകളുടെ പരമ്പരാഗത വോട്ട് ബാങ്ക് ആയ ഇന്ത്യക്കാരെ റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് അടുപ്പിച്ചിട്ടുണ്ടെന്ന അവകാശവാദം ശക്തമാണ്. ഇന്ത്യൻ - അമേരിക്കക്കാരെ ആകർഷിക്കുന്നതിനായി നിരവധി പ്രചാരണപരിപാടികൾ ഡെമോക്രാറ്റുകളും നടത്തുന്നുണ്ട്.