ഗതാഗതം താറുമാറായത് ഒരു മണിക്കൂർ
ലണ്ടൻ: സെൻട്രൽ ലണ്ടനിലെ തേംസ് നദിക്ക് കുറുകെയുള്ള ലോകപ്രസിദ്ധമായ ടവർ ബ്രിഡ്‌ജ് സാങ്കേതിക തകരാർ മൂലം താഴ്‌ത്താനാവാതെ വന്നതോടെ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കപ്പലുകളും ബോട്ടുകളും മറ്റും അടിയിലൂടെ കടന്നു പോകുമ്പോൾ പാലം ഉയർത്തി വഴിയൊരുക്കുന്ന സംവിധാനം ശനിയാഴ്ച വൈകിട്ടാണ് അപ്രതീക്ഷിതമായി തകരാറിലായത്. ഇതോടെ പ്രദേശത്തെ റോഡുകളിൽ ഗതാഗതക്കുരുക്കുണ്ടായി.
തകരാർ പരിഹരിക്കാനായി മെക്കാനിക്കുകൾ സ്ഥലത്തെത്തിയെങ്കിലും പാലം ഒരു മണിക്കൂറോളം താഴാതെ നിന്നു. തുടർന്ന്, യാത്രക്കാർ മറ്റു റോഡുകൾ തെരഞ്ഞെടുക്കണമെന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ലണ്ടൻ സിറ്റി പൊലീസ് അറിയിച്ചു. വൈകിട്ട് 6.21നാണ് പാലം ശരിയായതവ്.
ഒരു കപ്പൽ കടന്നു പോകാനായി ഉയർത്തിയതിന് ശേഷം പാലം താഴ്‌ത്താൻ കഴിയാത്ത വിധം തകരാറിലായി. ഇതിനു പിന്നാലെ പാലത്തിന് ഇരുവശത്തും വാഹനങ്ങളും കാൽനട യാത്രക്കാരും കുടുങ്ങുകയായിരുന്നു.
2005ൽ സമാനമായ ഒരു പ്രശ്നം നേരിട്ടപ്പോൾ പാലം 10 മണിക്കൂറോളം അടച്ചിടേണ്ടി വന്നിരുന്നു. ശനിയാഴ്ച സംഭവിച്ച തകരാറിനെപ്പറ്റിയുളള ഔദ്യോഗിക വിശദീകരണം പുറത്തു വന്നിട്ടില്ല. 1886-1894 ൽ ഗോഥിക് വാസ്തുശൈലിയിൽ നിർമ്മിച്ച ലണ്ടൻ ടവർ ബ്രിഡ്ജ് നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നും ലണ്ടന്റെ മുഖമുദ്രയുമാണ്.