bank

ന്യൂഡൽഹി: നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിങ്ങൾ വലിയ സംഖ്യ നിക്ഷേപിച്ചിട്ടുണ്ടോ? ആദായനികുതി വകുപ്പ് ആവശ്യപ്പെടുമ്പോൾ അതിന്റെ സ്രോതസ് വ്യക്തമാക്കാൻ നിങ്ങൾക്ക് സാധിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് കനത്ത പിഴയാണ്.

ഇൻകം ടാക്‌സ് ആക്‌ടിലെ സെക്‌ഷൻ 69 (എ) പ്രകാരം, സ്രോതസ് വ്യക്തമല്ലാത്ത പണം, സ്വർണം, ആഭരണങ്ങൾ ഉൾപ്പെടെ മറ്റ് അമൂല്യവസ്‌തുക്കൾ എന്നിവ കണ്ടെത്തിയാൽ 83.25 ശതമാനം ആദായ നികുതി അടയ്ക്കേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. ഇതിൽ 60 ശതമാനം നികുതിയും ആറു ശതമാനം പിഴയും ബാക്കി സർചാർജുമാണ്.

മുൻ സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ അക്കൗണ്ടിലെ തുകയെക്കുറിച്ച് ചോദ്യങ്ങളുണ്ടാവും. 2016ൽ കേന്ദ്രസർക്കാർ നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചപ്പോൾ, നിരവധി ബാങ്ക് അക്കൗണ്ടുകളിലേക്ക് വൻതോതിൽ പണമൊഴുകിയിരുന്നു. ഇവയെല്ലാം നിരീക്ഷിച്ച് നടപടിയെടുക്കുന്നതിന്റെ തുടർച്ചയാണ് പുതിയ നീക്കം.

'കള്ള"സ്വർണവും പിടിക്കും

കള്ളപ്പണം വെളുപ്പിക്കാൻ നികുതിവെട്ടിച്ച് വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടിയവരെ പിടിക്കാൻ ഗോൾഡ് ആംനെസ്‌റ്റി സ്‌കീമും കേന്ദ്രം ആലോചിക്കുന്നുണ്ട്. കള്ളസ്വർണം കൈയിലുള്ളവർക്ക് സ്വയം അത് വെളിപ്പെടുത്തി, ആനുപാതിക നികുതിയും പിഴയും ഒടുക്കാം. വെളിപ്പെടുത്താത്തവർക്കെതിരെ നിയമനടപടിയുണ്ടാകും. നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയശേഷമേ പദ്ധതി നടപ്പാക്കൂ.