ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബി.എസ്.എഫ് സാങ്കേതിക നവീകരണത്തിനൊരുങ്ങുകയാണ്. ഇതിനായി 436 മെെക്രാേ ഡ്രോണുകളും അതിർത്തിയിൽ ഡ്രോൺ നശീകരണ സംവിധാനങ്ങളും സേനയുടെ ഭാഗമാക്കാൻ തീരുമാനിച്ചു. പഞ്ചാബ്, കാശ്മീർ അതിർത്തികളിലൂടെ നുഴഞ്ഞു കയറ്റ ശ്രമമുണ്ടാവുകയും ആയുധങ്ങൾ വഹിച്ചു കൊണ്ടുളള ഡ്രോണുകൾ അതിർത്തി കടന്നു വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് ബി.എസ്.എഫിന്റെ നടപടി. ബി.എസ്.എഫ് ഡയറക്ടർ ജനറലായി രാകേഷ് അസ്താന ചുമതലയേറ്റതിന് പിന്നാലെയാണ് തീരുമാനം.
സി.ഐ.ബി.എം പദ്ധതി പ്രകാരം പാകിസ്ഥാൻ , ബംഗ്ലാദേശ് അതിർത്തിയിലെ ബി.എസ്.എഫിന്റെ 1923 പോസ്റ്റുകളിൽ സെൻസറുകൾ സജ്ജീകരിക്കും. മെെക്രാേ ഡ്രോണുകളുടെ സഹായത്തോടെ അതിർത്തികളിൽ പൂർണമായും നിരീക്ഷണം നടത്താനാകും. ഇതിനൊപ്പം ഡ്രോൺ നശീകരണ സംവിധാനങ്ങൾ ഉപയോഗിച്ച് ശത്രു രാജ്യത്തിന്റെ ഡ്രോണുകളെ എളുപ്പത്തിൽ കണ്ടെത്താനും നശിപ്പിക്കാനും സാധിക്കും.മൈക്രോ ഡ്രോണുകളുടെ വില ഏകദേശം 88 കോടി രൂപ വരുമെന്നും സുരക്ഷാ ഏജൻസികളുടെ സഹായത്തോടെ ബി.എസ്.എഫ് നിലവിൽ പാക്കിസ്ഥാനുമായുള്ള പഞ്ചാബ് അതിർത്തിയിൽ ഒരു ഡ്രോൺ നശീകരണ സംവിധാനം പരീക്ഷിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി തവണയാണ് പാകിസ്ഥാനിൽ നിന്നുളള ഭീകരവാദികൾ ചെെനീസ് വാണിജ്യ ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം പഞ്ചാബിലെ ഇന്ത്യാ-പാക് അതിര്‍ത്തിയിലൂടെ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച അഞ്ച് ഭീകരവാദികളെ ബി.എസ്.എഫ് സൈനികര്‍ വെടിവച്ച് കൊന്നിരുന്നു.