ലണ്ടൻ: അടുത്ത രണ്ടു വർഷത്തിനുള്ളിൽ കൊറോണ വൈറസിനെ പിടിച്ചുകെട്ടുമെന്ന ലോകാരോഗ്യ സംഘടനയുടെ വാദത്തെ എതിർത്ത് യു.കെയിലെ ശാസ്ത്രജ്ഞൻ. കൊവിഡ്
മനുഷ്യരുടെ കൂടെ എല്ലായ്പ്പോഴും ഉണ്ടാകുമെന്നാണ് യു.കെ ശാസ്ത്രജ്ഞനായ മാർക്ക് വാൾപോർട്ട് പറയുന്നത്. ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ഈ വൈറസ് മനുഷ്യനൊപ്പം എന്നുമുണ്ടാകുമെന്നും യു.കെ സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസീസ് അംഗം കൂടിയായ വാൾപോർട്ട് പറയുന്നു.
' കാെവിഡ് 19 ഒരു വാക്സിൻ കൊണ്ട് മാറ്റാനാകില്ല. കൃത്യമായ ഇടവേളകളിൽ വാക്സിൻ നടത്തിയാൽ മാത്രമേ ഈ രോഗത്തെ പിടിച്ചുനിറുത്താനാകൂ.'- ബിബിസിയുടെ റേഡിയോ 4 നോട് സംസാരിക്കവേ വാൾപോർട്ട് പറഞ്ഞു. 8 ലക്ഷം പേരാണ് ഇതുവരെ കൊറോണ വൈറസ് മൂലം ലോകമാകെ മരിച്ചത്. 2.3 കോടി ആളുകളാണ് ഇതുവരെ രോഗബാധിതരായിട്ടുള്ളത്. സ്പാനിഷ് ഫ്ളൂവിനെ നിയന്ത്രിച്ചതു പോലെ കൊവിഡ് 19നെയും പിടിച്ചുകെട്ടുമെന്നാണ് ഡബ്ല്യു.എച്ച്.ഒ മേധാവി ട്രെഡോസ് അദാനോം കഴിഞ്ഞ ദിവസം പറഞ്ഞത്.