വാഷിംഗ്ടൺ: വെള്ളിത്തിരയിൽ നിലാച്ചിരിയുമായി നിൽക്കുമ്പോഴും ആരും അറിഞ്ഞില്ല പാരിസ് ഹിൽട്ടന്റെ ഉള്ളിലെ സംഘർഷങ്ങൾ. നടി, അവതാരിക, സാമൂഹ്യ പ്രവർത്തക, സംരംഭക, ഗായിക, ഡി.ജെ അങ്ങനെ നിരവധി വിശേഷണങ്ങൾക്ക് ഉടമായണവർ. എന്നാൽ, ഹിൽട്ടന്റെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ കൗമാരകാലം വളരയധികം ദുഷ്‌കരമായിരുന്നുവെന്ന് 'ദിസ് ഈസ് പാരിസ്' എന്ന ഡോക്യുമെന്ററിയിൽ അവർ പറയുന്നു.
കുറേക്കാലം ഞാൻ ഈ സത്യങ്ങളൊന്നും പറയാതെ നടന്നു. പക്ഷേ ഇന്ന് ശക്തയായ ഒരു സ്ത്രീയായി മാറിയതിൽ അഭിമാനിക്കുന്നു. എന്റെ ജീവിതത്തിലെല്ലാം എളുപ്പത്തിൽ നടന്നതാകുമെന്ന് കരുതുന്നവരുണ്ട്. ഏതെല്ലാം വിഷമ ഘട്ടങ്ങളിലൂടെയാണ് എന്റെ ജീവിതം കടന്നു പോയതെന്ന് പറയാൻ ഞാൻ തീരുമാനിച്ചു - പാരിസ് പറയുന്നു.
ക്ലബുകളിലും പാർട്ടികളിലുമൊക്കെ പോകുന്നതിനോട് തന്റെ മാതാപിതാക്കൾക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇതോടെ താൻ അവരെ എതിർത്ത് പോകാൻ തുടങ്ങിയെന്നും പലകാര്യങ്ങളിലും നിഷേധസ്വഭാവം കാണിച്ചിരുന്നുവെന്നും പാരിസ് പറയുന്നു. അനുസരണക്കേടിൽ സഹികെട്ട മാതാപിതാക്കൾ ബോർഡിംഗ് സ്കൂളിലാക്കി. അവിടെ നിന്നാണ് പാരിസിന്റെ ജീവിതത്തിലെ വിഷമഘട്ടം ആരംഭിക്കുന്നത്.
അവിടെ എല്ലായ്പ്പോഴും ചീത്തവിളികളും അലർച്ചകളും മാത്രമായിരുന്നു. കുട്ടികളെ മാനസികമായി തകർക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നു തോന്നും. ജീവനക്കാർ വളരെ മോശമായ കാര്യങ്ങൾ പറയും. നിരന്തരം കളിയാക്കും. ശാരീരിക മർദ്ദനങ്ങളും ഉണ്ടായിരുന്നു. കുട്ടികളിൽ ഭയം നിറയ്ക്കുകയായിരുന്നു അവർ. ആരെങ്കിലും രക്ഷപ്പെടാൻ ശ്രമിച്ചാൽ ദിവസത്തിൽ ഇരുപതുമണിക്കൂർ വരെ അവരെ ഏകാന്ത തടവിലാക്കുമായിരുന്നു. ഓരോ ദിവസവും തനിക്ക് പാനിക് അറ്റാക്ക് അനുഭവപ്പെടുമായിരുന്നുവെന്നും പാരിസ് പറഞ്ഞു.
'തടവുപുള്ളിയെപ്പോലെയായിരുന്നു കഴിഞ്ഞിരുന്നത്. ജീവിതം പോലും വെറുത്തുപോയി. രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് കുടുംബാംഗങ്ങളോട് സംസാരിക്കാൻ അവസരം ലഭിക്കുക. അത്രത്തോളം പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കും. സ്കൂളിലെ പ്രശ്നങ്ങൾ വീട്ടിൽ അറിയിച്ചാൽ വീട്ടുകാരോട് കുട്ടികൾ നുണ പറയുകയാണെന്ന് പറയുന്നതിനു പുറമെ പീഡനങ്ങളും പതിവായിരുന്നു. പതിനെട്ടു വയസുള്ളപ്പോഴാണ് വീണ്ടും ന്യൂയോർക്കിലേക്കു തിരികെയെത്തുന്നത്. പക്ഷേ പിന്നീടൊരിക്കലും താൻ അനുഭവിച്ച ദുരിതം പങ്കുവയ്ക്കണമെന്ന് തോന്നിയിട്ടില്ല. അവിടെ നിന്നു പുറത്തു വന്നല്ലോ എന്ന ആശ്വാസമായിരുന്നു. വീണ്ടും ആ ഓർമകളിലേക്കു പോകണമെന്നുണ്ടായിരുന്നില്ല. ഇപ്പോഴും തനിക്ക് നാണക്കേട് തോന്നുന്ന ഓർമകളാണ് അതെന്നും' പാരിസ് കൂട്ടിച്ചേർത്തു.