ബറോഡ : സ്വാതന്ത്യ ദിനത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്രസിംഗ് ധോണിക്കുവേണ്ടി യാത്രഅയപ്പ് മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ബി.സി.സി.ഐയും ക്രിക്കറ്റ് ലോകവും ചർച്ച ചെയ്യുമ്പോൾ, ഇന്ത്യൻ ക്രിക്കറ്റിൽ അർഹിക്കുന്ന യാത്രയയപ്പ് ലഭിക്കാതെ കളമൊഴിഞ്ഞ താരങ്ങൾക്കെല്ലാം കൂടി വിരമിക്കൽ മത്സരം സംഘടിപ്പിക്കുകയെന്ന ആശയവുമായി മുൻ താരം ഇർഫാൻ പഠാൻ.
ധോണിക്ക് മാത്രമല്ല, സച്ചിൻ ടെൻഡുൽക്കർക്ക് ഒഴികെ സധീപകാലത്ത് ആർക്കും ഇന്ത്യൻ ടീമിൽ വിരമിക്കൽ മത്സരം കളിക്കാൻ അവസരം ലഭിച്ചിട്ടില്ലെന്ന് ഇർഫാൻ ചൂണ്ടിക്കാട്ടുന്നു. ധോണിക്കുമാത്രമായി അങ്ങനെയൊരു സൗജന്യം നൽകുമ്പോൾ അവസരം കിട്ടാത്തവരെ ഒന്നുകൂടി വേദനിപ്പിക്കുകയാണെന്ന് ഇർഫാൻ കരുതുന്നു. അതിനാലാണ് വിരമിക്കൽ മത്സരം ലഭിക്കാതെ പോയ മറ്റു താരങ്ങളെയും ധോണിക്ക് നൽകുന്ന മത്സരത്തിൽ പങ്കാളിയാക്കുക എന്ന ആശയം അവതരിപ്പിച്ചത്.
വീരേന്ദർ സെവാഗും ഇർഫാനും വി.വി.എസ് ലക്ഷ്മണും ഗംഭീറുംഉൾപ്പെടെയുള്ള താരങ്ങൾക്ക് വിരമിക്കൽ മത്സരം ലഭിക്കാതെ പോയതിനു പിന്നിൽ ധോണിയുടെ ഇടപെടലുണ്ടെന്ന് വിമർശിക്കുന്ന ആരാധകർ ഒട്ടേറെയുണ്ട്. വിരമിക്കൽ മത്സരം ലഭിക്കാതെ പോയ താരങ്ങളുടെ ഒരു ടീമിനെത്തന്നെ പഠാൻ മുന്നോട്ടുവച്ചിട്ടുണ്ട്. ധോണിയും പഠാന്റെ ‘യാത്രയയപ്പ് ടീമി’ലുണ്ട്.
ക്രിക്കറ്റിൽനിന്ന് കളമൊഴിഞ്ഞ സമയത്ത് അർഹിച്ച യാത്രയയപ്പ് ലഭിക്കാതെ പോയ സീനിയർ താരങ്ങൾക്കുകൂടി വിരമിക്കൽ മത്സരത്തിന് അവസരം നൽകുന്ന കാര്യത്തെക്കുറിച്ച് ഒട്ടേറെപ്പേർ ചർച്ച ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ ഇന്ത്യൻ ടീമും വിരമിച്ചവരുടെ ടീമും തമ്മിൽ ഒരു മത്സരം സംഘടിപ്പിച്ചാൽ വിരമിക്കൽ പ്രഖ്യാപിച്ചവർക്കു മാന്യമായ വിടവാങ്ങലും കിട്ടും; മത്സരത്തിൽനിന്നുള്ള വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യാം’ – പഠാൻ പറയുന്നു.
ഇർഫാന്റെ ഫെയർവെൽ ടീം
ഗൗതം ഗംഭീർ, വീരേന്ദർ സെവാഗ്, രാഹുൽ ദ്രാവിഡ്, വി.വി.എസ്.ലക്ഷ്മൺ, യുവരാജ് സിംഗ്, സുരേഷ് റെയ്ന, എം.എസ്.ധോണി, ഇർഫാൻ പഠാൻ, അജിത് അഗാർക്കർ, സഹീർ ഖാൻ, പ്രഗ്യാൻ ഓജ.