മുംബയ്: വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) വീണ്ടും ഇന്ത്യൻ മൂലധന വിപണിയിലേക്ക് വൻതോതിൽ പണമൊഴുക്കുന്നു. ആഗസ്‌റ്റിൽ ഇതുവരെ അവർ വാങ്ങിക്കൂട്ടിയത് 41,330 കോടി രൂപയുടെ ഓഹരികളും കടപ്പത്രങ്ങളുമാണ്. ഓഹരികളോടാണ് പ്രിയം കൂടുതൽ; നിക്ഷേപത്തിൽ 40,262 കോടി രൂപയും ഓഹരികളിലാണ്.
ജൂണിൽ 24,053 കോടി രൂപയുടെ നിക്ഷേപം നടത്തിയ എഫ്.പി.ഐ, ജൂലായിൽ ഇത് 3,301 കോടി രൂപയായി കുറച്ച ശേഷമാണ്, ആഗസ്‌റ്റിൽ വീണ്ടും വൻതോതിൽ പണമൊഴുക്കിയത്. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഒട്ടേറെ കേന്ദ്ര ബാങ്കുകൾ ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചതിനാൽ, നിക്ഷേപകരുടെ പക്ഷം ആവശ്യത്തിലേറെ പണമുണ്ട്. ഇതാണ്, ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലേക്ക് അവർ ഒഴുക്കുന്നത്.