golden-temple

അമൃത്സര്‍: പഞ്ചാബിനെ സ്വതന്ത്രരാജ്യമാക്കണമെന്നും ഇതിനായി സംസ്ഥാനത്ത് റഫറണ്ടം നടത്തണമെന്നും ആവശ്യപ്പെട്ട് സുവര്‍ണക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയെന്ന ആരോപണത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ച് അതിന്റെ വീഡിയോ പുറത്തു വിട്ട ഗുര്‍മീത് സിംഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രാര്‍ത്ഥന നടത്തിയാല്‍ അയ്യായിരം ഡോളര്‍ പ്രതിഫലം ലഭിക്കുമെന്ന ഖാലിസ്ഥാന്‍ സംഘടനയുടെ വാഗ്ദാനമാണ് പ്രാര്‍ത്ഥന നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് അറസ്റ്റിലായ സിഖ് മതപണ്ഡിതനായ ഗുര്‍മീത് സിംഗ് പൊലീസിനോട് പറഞ്ഞത്. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് ആഗസ്റ്റ് 23ന് അകാല്‍ തഖ്തില്‍ വെച്ച് ഖാലിസ്ഥാനു വേണ്ടി പ്രാര്‍ത്ഥന നടത്തുന്നവര്‍ക്ക് അയ്യായിരം ഡോളർവീതം വാഗ്ദാനം ചെയ്‌തെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് പുതിയ വാര്‍ത്ത.

പ്രത്യേക സിഖ് രാജ്യം സ്ഥാപിക്കാനായി റെഫറണ്ടം 2020 എന്ന പേരില്‍ വലിയ പ്രചാരണവും എസ്.എഫ്‌.ജെ നടത്തുന്നുണ്ട്. ഖാലിസ്ഥാനു വേണ്ടിയുള്ള പ്രാര്‍ത്ഥനയിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കാനും റഫറണ്ടം 2020 ക്യാംപയിന് പിന്തുണ വര്‍ധിപ്പിക്കാനുമാണ് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് തലവന്‍ ഗുര്‍പത്വന്ത് സിംഗ് പന്നു ആളുകള്‍ക്ക് 5000 ഡോളര്‍ വീതം വാഗ്ദാനം ചെയ്തത്. മറ്റു ഗുരുദ്വാരകളില്‍ ഇതുപോലെ പ്രാര്‍ത്ഥന നടത്തിയാല്‍ 500 ഡോളര്‍ വീതവും നല്‍കാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു. ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തുന്നതും പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കാനായി ഇയാള്‍ മുന്‍പും ഇത്തരത്തില്‍ പണം വാഗ്ദാനം ചെയ്തിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.