ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞാടുന്നത് നമ്പർ 7, ലോക് കല്യാൺമാർഗിലെ മയൂരനർത്തനം! ഔദ്യോഗിക വസതിയിലെ പ്രഭാതങ്ങളിൽ മയിലുകൾക്കൊപ്പം ചെലവിട്ട സുന്ദരനിമിഷങ്ങൾ പകർത്തി ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ. 'പ്രഷ്യസ് മൊമന്റ്സ്' എന്ന ശീർഷകത്തോടെ ഇന്നലെ രാവിലെ ഈ ചെറു വീഡിയോ പുറത്തുവിട്ട മോദി, മയിലുകളെക്കുറിച്ചുള്ള ഹിന്ദി കവിതയും പങ്കുവച്ചു.
1.47 മിനിട്ട് ദൈർഘ്യമുള്ള വീഡിയോയുടെ തുടക്കം പൂന്തോട്ടത്തിന് അഭിമുഖമായി, ധാന്യങ്ങൾ കരുതിയ പാത്രവുമായി മയിലുകളെ കാത്ത് പടിക്കെട്ടിലിരിക്കുന്ന മോദിയുടെ ഫ്രെയിമിൽ നിന്ന്. അരികെ വന്നു നിന്ന സുന്ദരന് കൈവെള്ളയിൽ തീറ്റ കൊടുക്കുന്ന ദൃശ്യമാണ് അടുത്തത്. ഓഫീസ് മുറിയിലും വരാന്തയിലെ വ്യായാമവേളയിലും മയിൽപ്പേടകൾക്കു ധാന്യം നൽകുന്ന വിഷ്വലുകൾക്കു പിന്നാലെ, പൂന്തോട്ടത്തിലെ പ്രഭാതസവാരിക്കിടെ പ്രധാനമന്ത്രിക്ക് സുപ്രഭാതം ആശംസിക്കാനെന്ന പോലെ പീലിവിരിക്കുന്ന മയിലിന്റെ മനോഹരദൃശ്യം.
മയിലുകളുടെ സ്ഥിരം റസിഡൻസ് ആണ് ലോക് കല്യാൺ മാർഗിലെ മോദിയുടെ ഔദ്യോഗിക വസതി.
പ്രഭാത സവാരിക്കിടെ ഇവരിൽ പലരും മോദിയുടെ ഫോളോവേഴ്സ് ആകുന്നതും പതിവ്. വീഡിയോയിലെ കൗതുകക്കാഴ്‌ചകളിലൊന്ന്, നടവഴിയിൽ നർത്തനംചെയ്യുന്ന മയിലിനെ ശല്യംചെയ്യാതിരിക്കാൻ വഴി മാറി, മരങ്ങൾക്കിടയിലൂടെ നടക്കുന്ന മോദിയുടേതാണ്. പല ദിവസങ്ങളിൽ ചിത്രീകരിച്ച ദൃശ്യങ്ങളിൽ നിന്നുള്ള ഫ്രെയിമുകൾ ചേർത്താണ് 'അമൂല്യ നിമിഷങ്ങൾ' എന്നു പേരിട്ട വീഡിയോ.
മഴമേഘങ്ങൾക്കായി പീലിവിരിച്ച് നിശ്ശബ്ദമായി ആഹ്ളാദം പങ്കുവയ്ക്കുന്ന മയിലുകളെക്കുറിച്ചാണ് വീഡിയോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്ത കവിത. മോദി പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രണ്ട് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഔദ്യോഗിക വസതിയിലെ മയിലുകളുടെ ചിത്രങ്ങൾ മുമ്പും മോദി പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും അവയ്‌ക്കൊപ്പമുള്ള പ്രഭാതസവാരിയുടെ വീഡിയോ പുറത്തുവിടുന്നത് ആദ്യം.