സാധാരണക്കാരന്റെ അവസാനത്തെ ആശ്രയമാണ് ജുഡിഷ്യറി. അതിനെ അപകീർത്തിപ്പെടുത്തുകയും വിലയില്ലാതാക്കുകയും ചെയ്യുന്നത് സമൂഹത്തോടു ചെയ്യുന്ന ദ്രോഹമാണ്. പ്രശാന്ത് ഭൂഷൺ നടത്തിയ പരാമർശങ്ങൾ ഇൗയൊറ്റ കാരണം കൊണ്ടുതന്നെ എതിർക്കപ്പെടേണ്ടതാണ്. ഒരു കാലത്തും സുപ്രീംകോടതിയെയും ജുഡിഷ്യറിയെയും ആരും ഇങ്ങനെ പറയരുത്, പ്രത്യേകിച്ച് അഭിഭാഷകർ. നീതിന്യായവ്യവസ്ഥിതിയെ ജനങ്ങൾ കാണുന്നത് അഭിഭാഷകരിലൂടെയാണ്. കോടതികളിലുള്ള വിശ്വാസം കൊണ്ടാണ് അഭിഭാഷകർ കറുത്ത ഗൗൺ ധരിച്ച് ഇൗ തൊഴിൽ ചെയ്യുന്നത്. പ്രശാന്ത് ഭൂഷണിന്റെ പരാമർശങ്ങൾ സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള വില കുറഞ്ഞ തന്ത്രം മാത്രമാണെന്നാണ് എന്റെ വിലയിരുത്തൽ. പ്രശാന്ത് ഭൂഷണിന്റെ പിതാവ് ശാന്തിഭൂഷണുമായി എനിക്ക് അടുപ്പമുണ്ടായിരുന്നു. കക്ഷികളോടും അഭിഭാഷകരോടും ജഡ്ജിമാരോടും എത്രയോ മാന്യമായാണ് അദ്ദേഹം പെരുമാറിയിരുന്നതെന്ന് ഞാൻ ഒാർക്കുന്നു.
എന്താണ് കോടതിയലക്ഷ്യം ? പൊതുസമൂഹത്തിന്റെ കണ്ണിൽ ജുഡിഷ്യറിയെ അപകീർത്തിപ്പെടുത്തുന്ന ഏതൊരു നടപടിയും കോടതിയലക്ഷ്യമാണെന്നാണ് ഇതിന്റെ നിർവചനം. പറയുന്നത് സത്യമാണെങ്കിൽ പോലും കോടതിയലക്ഷ്യം ആവരുതെന്നാണ്. പറയുന്നതു സത്യമായതുകൊണ്ടു കോടതിയലക്ഷ്യത്തെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്ന വിധികൾ ഉണ്ടായിട്ടുണ്ട്. വിലകുറഞ്ഞ പരമാർശങ്ങൾ ഒരു ഉന്നത സ്ഥാപനത്തെയാണ് താഴ്ത്തിക്കട്ടുന്നതെന്ന് ഒാർമ്മ വേണം. ജുഡിഷ്യറി, ലെജിസ്ളേച്ചർ, എക്സിക്യൂട്ടീവ് എന്നീ വിഭാഗങ്ങളിൽ മറ്റു രണ്ടു വിഭാഗങ്ങളിലെയും വീഴ്ചകൾ ജുഡിഷ്യറിക്ക് പരിഹരിക്കാൻ കഴിയും. എന്നാൽ ജുഡിഷ്യറിക്ക് ഇത്തരമൊരു തിരുത്ത് സാദ്ധ്യമല്ല. അത്രമേൽ ഉന്നതവും പവിത്രവുമാണ് നമ്മുടെ പൊതുജീവിതത്തിൽ ജുഡിഷ്യറിയുടെ സ്ഥാനം.
ഒരു പ്രതിക്ക് വധശിക്ഷ വിധിക്കാൻ ജില്ലാ ജഡ്ജിക്കാണ് അധികാരം. ലെജിസ്ളേച്ചറിനോ മറ്റേതെങ്കിലും ഉന്നത പദവിയിലിരിക്കുന്നവർക്കോ വധശിക്ഷ വിധിക്കാൻ അധികാരമില്ല. ഉന്നതമായ ഒരു സംവിധാനത്തെ ഒരു കാരണവശാലും വാക്കുകൊണ്ടു മാത്രമല്ല, നോക്കു കൊണ്ടുപോലും അപകീർത്തിപ്പെടുത്തരുത്. പ്രശാന്ത് ഭൂഷണിനു മാത്രമല്ല, നമ്മുടെ ജുഡിഷ്യറിയെ വിമർശിക്കുന്ന സ്വഭാവം ഇപ്പോൾ പലർക്കുമുണ്ട്.
സുപ്രീം കോടതിയോടു മാപ്പു പറഞ്ഞാൽ തീരുന്ന വിഷയമാണ് പ്രശാന്ത് ഭൂഷണിനു മുന്നിലുള്ളത്. അതിനു തയ്യാറല്ലെന്ന് അദ്ദേഹം പറയുമ്പോഴും നിങ്ങൾക്ക് ഞങ്ങളോടു മര്യാദയില്ലെങ്കിലും ഞങ്ങൾ നിങ്ങളോടു മര്യാദ കാണിക്കുകയാണെന്ന് സുപ്രീംകോടതി പറയുന്നു. അത്തരമൊരു ശബ്ദത്തിന് മഹത്വം കല്പിക്കണം. നിങ്ങൾക്ക് ഒരു വിധിന്യായത്തെ എങ്ങനെ വേണമെങ്കിലും വിമർശിക്കാം. വിധിന്യായത്തിലെ പിഴവുകളും കുറ്റങ്ങളും വിളിച്ചു പറയാം. എന്നാൽ വിധി പറഞ്ഞ ജഡ്ജിയെ സംശയത്തിന്റെ മുൾ മുനയിൽ നിറുത്തരുത്. അതു കോടതിയലക്ഷ്യമാണ്. തെറ്റു തിരുത്തുക തന്നെ വേണം. തെറ്റാണെന്നറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നതാണ് ഏറ്റവും വലിയ തെറ്റെന്ന് ഞാൻ വിശ്വസിക്കുന്നു.
(സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും സീനിയർ അഭിഭാഷകനാണ്
ലേഖകൻ)