പ്രശാന്ത് ഭൂഷൺ അദ്ദേഹമെഴുതിയ രണ്ടു ട്വീറ്റിന്റ അടിസ്ഥാനത്തിൽ ക്രിമിനൽ കോടതി അലക്ഷ്യക്കുറ്റം ചെയ്തതായി സുപ്രീംകോടതി കണ്ടെത്തിയത് വളരെ നിർഭാഗ്യകരമായ സംഭവമാണ്. പ്രശാന്ത് ഭൂഷണ് മാപ്പപേക്ഷിക്കാനും ട്വീറ്റ് പിൻവലിക്കാനും രണ്ടു ദിവസം സമയം കോടതി അനുവദിച്ചു. എന്നാൽ, രാജ്യദ്രോഹ കേസിൽ ബ്രിട്ടീഷ് കോടതിയിൽ പുഞ്ചിരിയോടെ മഹാത്മാഗാന്ധി പറഞ്ഞ വാക്കുകളാണ് പ്രശാന്ത് ഭൂഷണും പറയുന്നത്,
' ഞാൻ മാപ്പു ചോദിക്കുന്നില്ല. ദയ യാചിക്കുന്നില്ല. ഉചിതമായ ശിക്ഷ ചുമത്തിയാലും. ഞാനത് സന്തോഷപൂർവം അനുഭവിച്ചു കൊള്ളാം."
1935 ലെ ഗവൺമെന്റ് ഒഫ് ഇന്ത്യ നിയമത്തിൽ കോടതി അലക്ഷ്യത്തിന് ശിക്ഷിക്കാൻ ഫെഡറൽ കോടതിക്കും, ചാർട്ടേർഡ് ബ്രിട്ടീഷ് ഹൈക്കോടതിക്കും ബ്രിട്ടീഷ് സർക്കാർ അധികാരം നൽകിയില്ല. എന്നാൽ 1947 ൽ ഇന്ത്യൻ ഭരണഘടനയുടെ ആദ്യ ഡ്രാഫ്റ്റ് തയ്യാറാക്കിയപ്പോൾ, ഡോക്ടർ അംബേദ്കർ സുപ്രീംകോടതിക്കും ഹൈക്കോടതികൾക്കും കോടതി അലക്ഷ്യത്തിന് ശിക്ഷിക്കാനുള്ള അധികാരം നൽകുകയുണ്ടായി. ഈ ഡ്രാഫ്റ്റ് അംഗീകരിക്കപ്പെട്ടപ്പോൾ യാതൊരു ഭേദഗതിയും ആരും നിർദ്ദേശിച്ചില്ല. പിന്നീട് 1951ൽ ഭരണഘടനയുടെ അനുഛേദം 19(1)(എ) ലെ ആശയവിനിമയത്തിനുള്ള അവകാശത്തിൽ ടി.കെ. കൃഷ്ണമാചാരി കൊണ്ടുവന്ന ഭേദഗതിയിൽ കോടതി അലക്ഷ്യ പ്രസ്താവനകളെ ആശയവിനിമയ അവകാശത്തിൽ നിന്നൊഴിവാക്കണമെന്ന് നിർദ്ദേശിക്കയുണ്ടായി. അന്ന് കോടതി അലക്ഷ്യ അധികാരത്തെ സംബന്ധിച്ച് ചൂടുപിടിച്ച ചർച്ച നടന്നെങ്കിലും ഈ ഭേദഗതി അംഗീകരിക്കയുണ്ടായി.
1971 ലെ കോടതി അലക്ഷ്യ നിയമത്തിൽ വകുപ്പ് 2(എ)യിൽ പ്രധാനമായും രണ്ടുതരം കോടതി അലക്ഷ്യങ്ങളാണ് പ്രതിപാദിക്കുന്നത്. സിവിൽ അലക്ഷ്യവും ക്രിമിനൽ അലക്ഷ്യവും. അതിൽ ക്രിമിനൽ അലക്ഷ്യത്തിനാണ് പ്രശാന്ത് ഭൂഷൺ ശിക്ഷിക്കപ്പെട്ടത്. ക്രിമിനൽ അലക്ഷ്യത്തിൽ മൂന്ന് ഉപവകുപ്പുകൾ ഉണ്ട്.
1) കോടതിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തുക.
2) കോടതിയുടെ നീതിന്യായ അധികാരത്തെ കടന്നാക്രമിക്കുക.
3) നീതിന്യായ കർത്തവ്യത്തെ തടസ്സപ്പെടുത്തുക.
ഇതിൽ ഒന്നാമത്തെ വിഭാഗത്തിലാണ് പ്രശാന്ത് ഭൂഷണെതിരെ കോടതി കുറ്റം ചുമത്തിയതും ശിക്ഷിച്ചതും. ട്വിറ്റർ പ്രസ്താവന സുപ്രീം കോടതിയെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നാണ് കോടതി കണ്ടത്.
2010 ൽ കപിൽ സിബൽ ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിൽ ഇന്ത്യൻ സുപ്രീം കോടതിയിലെയും വിവിധ ഹൈക്കോടതികളിലെയും ജഡ്ജിമാർ അഴിമതിക്കാരാണെന്നും സാധാരണക്കാരന് ഉയർന്ന കോടതികളിൽ നീതി അപ്രാപ്യമാണെന്നും പറഞ്ഞതിന് സുപ്രീം കോടതി അപകീർത്തികരമായ പ്രസ്താവനയ്ക്ക് കോടതി അലക്ഷ്യം ചുമത്തി കേസെടുത്തു. ഒടുവിൽ സുപ്രീം കോടതി കപിൽ സിബലിനെ കുറ്റവിമുക്തനാക്കുകയാണ് ചെയ്തത്. 1999 ൽ നർമ്മദനദിയിൽ സർദ്ദാർ സരോവർ ഡാമിന്റ ഉയരം കൂട്ടാനായി സുപ്രീം കോടതി അനുമതി നൽകിയതിൽ പ്രതിഷേധിച്ച് ' അരുന്ധതി റോയ് ജഡ്ജിമാരെ വിമർശിച്ചു.
അരുന്ധതി റോയിയെ ഒരു മാസം ശിക്ഷിച്ച് സുപ്രീം കോടതി അകത്താക്കി. " ഇന്ത്യയിൽ പ്രസിഡന്റിനെയും ഗവർണർമാരെയും പ്രധാനമന്ത്രിയെയും പൊലീസിനെയും രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചാൽ കോടതി അലക്ഷ്യം ചുമത്താറുണ്ടോ. പിന്നെ ജുഡിഷ്യറിക്കു മാത്രം ഈ പ്രത്യേക അധികാരം എന്തിന്?
(ലേഖകൻ മുൻ നിയമസഭാ സെക്രട്ടറിയാണ് )