വീട് പണിയാനും വാങ്ങാനും വായ്പ എടുക്കുന്നവർക്ക് അതിന് ഏറ്റവും യോജിച്ച സമയമാണ് ഈ കൊവിഡ് കാലം. ഭവന വായ്പയുടെ പലിശ നിരക്ക് കുറയ്ക്കുന്നതിൽ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും മത്സരത്തിലാണ്. ദശാബ്ദങ്ങൾക്കിപ്പുറമുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കിലേക്ക് പൊതുമേഖലാ ബാങ്കുകൾ വന്നിരിക്കുന്നു. എസ്.ബി.ഐ ആയിരുന്നു ഏറ്റവും കുറഞ്ഞ പലിശ നിരക്കായി 6.95 ശതമാനം ചുമത്തിയിരുന്നത്. അവരെയും കടത്തിവെട്ടി എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ് 6.9 ശതമാനമാണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ യൂണിയൻ ബാങ്കാകട്ടെ ഏറ്റവും കുറഞ്ഞ നിരക്കായ 6.7 ശതമാനമാണ് മുന്നോട്ടുവച്ചിരുന്നത്.
ബാങ്ക് ഒഫ് ബറോഡ, ബാങ്ക് ഒഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ എന്നിവ 6.8 ശതമാനം ചുമത്തുന്നു. ഇത് സ്വകാര്യ ബാങ്കുകളെയും ഭവന വായ്പാ പലിശ നിരക്ക് കുറയ്ക്കാൻ നിർബന്ധിതരാക്കും. ഈ പകർച്ചവ്യാധിയുടെ ഘട്ടത്തിലും പണം കൈവശമുള്ളവർക്ക് ഏറ്റവും നല്ല നിക്ഷേപം റിയൽ എസ്റ്റേറ്റ് തന്നെയാണ്. വീട് വാങ്ങാനും വീട് വയ്ക്കാനും ഭവന വായ്പ ലഭ്യമാണ്. എന്നാൽ ജോലിസംബന്ധമായ അസ്ഥിരത കാരണം പലരും റിസ്െക്കടുക്കാൻ മടിക്കുന്നു എന്ന അവസ്ഥയുമുണ്ട്.
25 വർഷം മുമ്പ് ഭവന വായ്പകളുടെ പലിശ നിരക്ക് 10 ശതമാനത്തിൽ കൂടുതലായിരുന്നു. 40 അടിസ്ഥാന പോയിന്റുകൾ കുറച്ച് റിസർവ് ബാങ്ക് റിപ്പോ നിരക്ക് 4 ശതമാനമാക്കിയതിനാലാണ് ഭവന വായ്പയുടെ പലിശ നിരക്ക് കുറയ്ക്കാൻ ബാങ്കുകൾക്ക് കഴിഞ്ഞത്. പലിശ നിരക്ക് കുറയുമ്പോൾ മാസത്തവണ തിരിച്ചടവ് തുക താങ്ങാവുന്നതായി മാറും. എല്ലാത്തരം ഭവന വായ്പയുടെയും പലിശ നിരക്ക് 7.5 ശതമാനത്തിൽ താഴെയായി മാന്ദ്യകാലം മാറുന്നതുവരെ തുടരാൻ സാദ്ധ്യത വളരെ ഏറെയാണ്.
വീട് വയ്ക്കാൻ അവശ്യമായ തുകയുടെ 80 - 90 ശതമാനം വരെ വായ്പയായി ലഭിക്കുമെന്നതിനാൽ തിരിച്ചടയ്ക്കാനുള്ള വരുമാനമുള്ളവർക്ക് വീട് ഇപ്പോൾ കൈയെത്തും ദൂരത്താണ്. സ്ഥലമുള്ളവർക്ക് ലോണെടുത്ത് വീട് വയ്ക്കാനും അല്ലാത്തവർക്ക് ഫ്ളാറ്റ് വാങ്ങാനും ഇതിനേക്കാൾ അനുയോജ്യമായ മറ്റൊരു സമയം ഇനി ലഭിച്ചെന്നിരിക്കില്ല. നേരത്തേ പ്രതീക്ഷിച്ചിരുന്നതിനേക്കാൾ വലിപ്പമുള്ള വീടോ ഫ്ളാറ്റോ വാങ്ങാൻ കഴിയുമെന്നുള്ളതും മറ്റൊരു സാദ്ധ്യതയാണ്. ഒരു ഏജൻസി നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷം പേരും പൂർത്തീകരിച്ച വീടുകൾ വാങ്ങാനാണ് താത്പര്യപ്പെടുന്നത്. പണി പൂർത്തിയാവാത്തവ ഇനി എന്ന് തൊഴിലാളികളെത്തി പൂർത്തിയാക്കുമെന്ന് ഉറപ്പിച്ച് പറയാനാവാത്ത കാലയളവാണിത്. മാത്രമല്ല അപ്പോൾ ചെലവും വിലയും കൂടുകയും ചെയ്യാനാണ് സാദ്ധ്യത.
രണ്ട് രീതിയിലുള്ള അവസരം ഭവന വായ്പ എടുക്കുന്നവർക്ക് മുമ്പിലുണ്ട്. പലിശയുടെ സ്ഥിരം നിരക്ക് സ്വീകരിക്കാം. അതല്ലെങ്കിൽ ഫ്ളോട്ടിംഗ് നിരക്കും. ഇപ്പോൾ വായ്പ എടുക്കുന്നവർക്ക് സ്ഥിരം നിരക്ക് സ്വീകരിച്ചാൽ അത് വളരെ ലാഭകരമായിരിക്കും. ഇതിനേക്കാൾ കുറഞ്ഞ നിരക്ക് ലഭിക്കുവാൻ ബുദ്ധിമുട്ടാണ്. വിപണി ഉണരുന്നതോടെ പലിശ നിരക്കും കൂടാനാണ് സാധാരണ നിലയിൽ സാദ്ധ്യത. ഒരു വീട് ഉള്ളവർക്ക് നിക്ഷേപമായും മറ്റൊരു വീട് വാങ്ങിക്കാം. വീട് വാങ്ങാൻ ചെലവഴിക്കുന്ന പണത്തിന്റെ പലിശയുടെ 25 ശതമാനം വാടക ഇനത്തിൽ ലഭിക്കും. അപ്പോൾ ഭവന വായ്പ 7.5 ശതമാനം പലിശയിൽ എടുക്കുന്ന വ്യക്തിക്ക് 5 ശതമാനമേ കൈയിൽ നിന്നും ആകുന്നുള്ളൂ.
ചില റിയൽ എസ്റ്റേറ്റ് കമ്പനികൾ റിബേറ്റുകളും കൊവിഡ് കാലത്ത് വില്പന കൂട്ടാനായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും വാങ്ങുന്നയാൾക്ക് ലഭിക്കുന്ന അധിക ഇളവാണ്. പലിശയിൽ 1 ശതമാനം വരെ ഇങ്ങനെ റിബേറ്റിലൂടെ ലാഭിക്കാം. വിപണിയിൽ വാങ്ങുന്നവർക്ക് അനുകൂലമായ കാറ്റാണ് ഇപ്പോൾ വീശിക്കൊണ്ടിരിക്കുന്നത്.