ജി.എസ്.ടി നടപ്പിലാക്കിയത് വഴി സംസ്ഥാനങ്ങൾക്കുണ്ടായ വരുമാന നഷ്ടം കേന്ദ്രമാണ് നൽകിവന്നിരുന്നത്. ഇത് തുടർന്ന് നൽകാൻ പണമില്ലെന്നുള്ള വാർത്തകൾ വരുമ്പോൾ ഓർത്തുപോകുന്നത് ആർ.ശങ്കറുടെ വാക്കുകളാണ്. 1948ൽ ഭരണഘടനാ നിർമ്മാണ സഭയിൽ തിരുവിതാംകൂറിന്റെ പ്രതിനിധിയായി പങ്കെടുക്കവെ, സംസ്ഥാനത്തിന്റെ കൈവശമുള്ള ആദായനികുതിയും കസ്റ്റംസ് തീരുവയും ഭരണഘടനയുടെ കരടിൽ നിർദേശിക്കുമ്പോലെ കേന്ദ്രത്തിനു വിട്ടുനൽകിയാൽ സർക്കാർ വരുമാനത്തിന്റെ 45 ശതമാനവും നഷ്ടമാകുമെന്നും അങ്ങനെ വന്നാൽ വിദ്യാഭ്യാസ,ആരോഗ്യ രംഗങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങൾ ഇല്ലാതായിത്തീരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ കരടിലെ നിർദ്ദേശം പിൻവലിക്കണമെന്നായിരുന്നു അഭ്യർത്ഥന. പക്ഷേ, അതു നിരാകരിക്കപ്പെടുകയും, ഭരണഘടന നിലവിൽ വന്ന 1950 ജനുവരി 26 മുതൽ ആദായനികുതി, കസ്റ്റംസ് തീരുവ എന്നീ കാമധേനുക്കൾ കേന്ദ്രത്തിന് സ്വന്തമാകുകയും ചെയ്തു. പിന്നെ അവശേഷിച്ചിരുന്ന ഗുണമുള്ള വരുമാനസ്രോതസ്സായ വില്പനനികുതിയിന്മേൽ സംസ്ഥാനങ്ങൾക്കുണ്ടായിരുന്ന അധികാരം ഭരണഘടനാ ഭേദഗതി (ജി .എസ്. ടി )വഴി, 2017 ജൂലായ് ഒന്നിന്റെ അർദ്ധരാത്രിക്ക് നഷ്ടപ്പെടുകയും ചെയ്തു.
വില്പന നികുതി ഉപേക്ഷിച്ച് ജി .എസ്. ടി യിലേക്ക് ചേക്കേറുന്നത് വരുമാനശോഷണം ഉണ്ടാകുമെന്ന ഭീതിമൂലം മാറി നിന്നിരുന്ന സംസ്ഥാനങ്ങളെ അതിലേക്ക് എത്തിച്ചത് നികുതി വരവ്, വർഷംപ്രതി 14 ശതമാനം കണ്ട് വർദ്ധിക്കാതെ വന്നാൽ അതിലുള്ള നഷ്ടം കേന്ദ്രം നികത്തുമെന്ന വകുപ്പ് നിയമത്തിൽ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു.
2020 മാർച്ച് വരെ, സംസ്ഥാനങ്ങൾക്ക് നൽകാനുള്ള നഷ്ടപരിഹാരത്തുക, അതിനുവേണ്ടി ഏർപ്പെടുത്തപ്പെട്ട സെസിൽ നിന്നും, അതിലൂടെയുള്ള വരവ ് തികയാതെ വന്ന അവസരങ്ങളിൽ മറ്റ് ഫണ്ടുകൾ വിനിയോഗിച്ചു കൊണ്ടും പൂർണമായും കൊടുത്തു തീർക്കാൻ കേന്ദ്രം തയ്യാറായിരുന്നു. മഹാമാരിയുടെ വരവോടെ ധനസ്ഥിതി കൂടുതൽ വഷളായ നിലയിലെത്തിയതിനാൽ വാഗ്ദാനം പാലിക്കാനിപ്പോൾ കേന്ദ്രത്തിന് ബുദ്ധിമുട്ടുണ്ടെന്നുതും നേരുതന്നെ. എന്നാൽ കൊവിഡിനോട് മുഖാമുഖം നിന്ന് പൊരുതേണ്ടി വരുന്ന സംസ്ഥാനങ്ങളുടെ സാമ്പത്തികാവസ്ഥ കടുത്ത പ്രതിസന്ധിയിലായിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ നഷ്ടപരിഹാരത്തുക ലഭിക്കാതെ വരുന്നത് അവരെ കൂടുതൽ സമ്മർദ്ദത്തിലാക്കും.
കേരളത്തിന്റെ അവസ്ഥ
കേരളത്തിന്റെ അവസ്ഥ തന്നെ നോക്കാം. ജി.എസ് .ടി വരുമാനം, കൊവിഡിനു മുമ്പ് തന്നെ, 14 ശതമാനം വളർച്ച യ്ക്ക് പകരം അതിന്റെ പകുതിയോളമേ ഉയർന്നിരുന്നുള്ളു. കൊവിഡിന്റെ ആക്രമണം നിമിത്തം വീണ്ടുമത് ഇടിഞ്ഞിരിക്കുന്നു. ഈ ദുർഘട ഘട്ടത്തിൽ, ജി.എസ്.ടി നഷ്ടപരിഹാരം 2020-21ൽ 2600 കോടി രൂപ കിട്ടുമെന്ന ബഡ്ജറ്റ് പ്രതീക്ഷ തകിടം മറിഞ്ഞാൽ കേരളത്തിനുണ്ടാകുന്ന ആഘാതം കഠിനമായിരിക്കും. മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥയും ഗുരുതരമായിരിക്കുമെന്നതിനാൽ ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പത്ത് വ്യവസ്ഥയുടെ മുഖ്യ ഉടയോനായ കേന്ദ്രംതന്നെ പ്രശ്നപരിഹാരത്തിനുള്ള രാജ്യതന്ത്രജ്ഞത കാട്ടേണ്ടതുണ്ട്.
പരിഹാരക്രിയകളിൽ, ജി.എസ് .ടിയുടെയുംസെസിന്റെയും നിരക്കുകൾ ഉയർത്തുക എന്നത് പല കാരണങ്ങളാലും നല്ല മാർഗം അല്ല. ജി .എസ്.ടി കൊണ്ടുണ്ടായ ഒരു വലിയ നേട്ടം, അതിനു വിലക്കയറ്റത്തെ മയപ്പെടുത്താൻ കഴിഞ്ഞുവെന്നതാണ്. അതിനാൽ, ഈ കൊവിഡ് കാലത്ത് വിലവർദ്ധനവിലേക്ക് നയിക്കപ്പെടാവുന്ന നികുതി വർധനവ് ഒട്ടും ആശാസ്യമല്ല. ഇനി, നിരക്ക് വർദ്ധനവിലേയ്ക്ക് നീങ്ങിയാലും അത് കൂടുതൽ വരുമാനംവരുത്താൻ ഇടയാക്കണമെന്നില്ല.
അതിന് കാരണം, കൊവിഡ് കാലം ജനത്തിന്റെ ഉപഭോഗ നിലയിലും ശീലങ്ങളിലും വരുത്തിയിരിക്കുന്ന മാറ്റങ്ങളാണ്. സാധാരണക്കാരുടെ വരുമാനം ഇടിഞ്ഞതിനാൽ അവരുടെ ഉപഭോഗ ചെലവും താഴ്ന്നു. അതേസമയം, വരുമാനത്തിൽ വലിയ ഇടിവ് തട്ടാത്ത മദ്ധ്യ-ഉപരിവർഗങ്ങളുടെ വാങ്ങൽ ശീലങ്ങളിൽ മാറ്റവും സംഭവിച്ചിരിക്കുന്നു. നേരത്തേ ഈ വിഭാഗത്തിൽപ്പെട്ട പലരും ഒരുതരം പ്രതികാരവായ്പോടെ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നവരായിരുന്നു (revenge buying). കൊവിഡിന്റെ വരവിനുശേഷം ഈ പ്രവണതയ്ക്ക് തൽക്കാലത്തേക്കെങ്കിലും അവർ വിടചൊല്ലിയിരിക്കുന്നു. ഇക്കൂട്ടരും മറ്റുള്ളവരും അത്യാവശ്യം സാധനങ്ങൾ മാത്രം വാങ്ങുക എന്ന രീതിയിലേക്ക് എത്തിയിരിക്കുന്നു. ഈ സമയത്ത് നികുതി ഉയർത്തുകയെന്ന മാർഗം സർക്കാരിന് കാര്യമായ വരുമാന വർദ്ധനവ് ഉണ്ടാക്കില്ല.
കരണീയമായ മാർഗം
കരണീയമായ മാർഗങ്ങളിലൊന്ന്, കേന്ദ്രം വായ്പ വാങ്ങിക്കൊണ്ട് ഒരു ഫണ്ട് സ്വരൂപിക്കുകയും അതിലൂടെ സംസ്ഥാനങ്ങൾക്കുള്ള പരിഹാര തുക പകർന്നു നൽകുകയെന്നുള്ളതാണ്. ഫലം കാണാൻ കുറച്ചു സമയം വേണ്ടിവരുമെങ്കിലും പരിഗണിക്കാവുന്നമറ്റൊരു മാർഗം ആദായനികുതി രംഗത്തുള്ള പഴുതുകൾ അടച്ചുകൊണ്ട് കേന്ദ്ര ത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുകയും അതിന്റെ ഒരു പങ്ക് ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ വ്യഥകൾ ശമിപ്പിക്കുക എന്നതുമാണ്. ഈയിടെ പ്രധാനമന്ത്രി തന്നെ വെളിപ്പെടുത്തിയ ചില കണക്കുകളാണ് ഈ നിർദ്ദേശത്തിന് ആധാരം.
130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ആദായനികുതി നൽകുന്നവരുടെ എണ്ണം വെറും1.46കോടി ആകുന്നു. ഇവരിൽ തന്നെ ഒരു കോടിയോളം വ്യക്തികൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് അഞ്ചു ലക്ഷത്തിനും പത്തു ലക്ഷംരൂപയ്ക്കും ഇടയ്ക്കുള്ള വരുമാനമാണ്. ഇന്ത്യയിൽ നിന്നും ഒരു വർഷം ബിസിനസ് ആവശ്യങ്ങൾക്കായും വിനോദസഞ്ചാരത്തിനായും വിദേശ സന്ദർശനം നടത്തുന്നവരുടെ എണ്ണം 3 കോടിയാണ്. ഈ വസ്തുതകളെല്ലാം സൂചിപ്പിക്കുന്നത് ഇനിയും ഏറെ വ്യക്തികളും വരുമാനങ്ങളും ആദായനികുതി വലയിലെത്താനുണ്ടെന്നാണ്. ഈ സാഹചര്യത്തിൽ അധികാരികൾക്ക് അനുഷ്ഠിക്കാവുന്നത് രണ്ട് ദൗത്യങ്ങളാണ്. ഒന്ന് നികുതിദായകരുടെ എണ്ണവും നികുതി അടവും വിപുലീകരിക്കാനുള്ള യജ്ഞമാണ്. രണ്ട്, വളരെ താഴ്ന്ന പ്രത്യക്ഷനികുതി -ജി.ഡി.പി അനുപാതമുള്ള ഇന്ത്യയിൽ ആദായനികുതി ഇളവുകൾ പ്രഖ്യാപിക്കുന്നതിന് കുറച്ചു നാളേക്ക് അവധി നൽകാമെന്നതാണ്.