കേരളത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കാൻ ഇനിയെന്താണ് ചെയ്യേണ്ടത് .ഈസ് ഒഫ് ഡൂയിംഗ് ബിസിനസിന്റെ കാര്യത്തിൽ നാം 21ം സ്ഥാനത്താണ്. 2015 ന് ശേഷം നാമതിൽ മുന്നോട്ട് പോയിട്ടില്ല . അതേസമയം ലോകബാങ്കിന്റെ ഒരു പഠനത്തിൽ കേരളം ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ പശ്ചാത്തല വികസനത്തിലും മാനവവിഭവശേഷിയിലും രണ്ടാം സ്ഥാനത്താണ്. അസെൻഡ് കേരള എന്ന പേരിൽ നടത്തിയ നിക്ഷേപ സംഗമം അവരുടെ മനോഭാവം മാറ്റാൻ ഉതകിയിട്ടുണ്ടാകിയെങ്കിലും നിക്ഷേപം കൊണ്ടുവന്നില്ല. എന്നാൽ ഐ.ടി മേഖലയിൽ മാത്രമാണ് എന്തെങ്കിലും നിക്ഷേപങ്ങളുണ്ടക്കാൻ സഹായിച്ചത്. 2016-17ൽ ഐ.ടി നിക്ഷേപത്തിന്റെ കാര്യത്തിൽ നാം മൂന്നാം സ്ഥാനത്തായിരുന്നു. ഇവിടെയും നിന്നിടത്തു തന്നെ നില്പാണ്. ചെലവ് കുറയ്ക്കാനായി പല വലിയ ഐ.ടി കമ്പനികളും രണ്ടാം കിട, മൂന്നാംകിട നഗരങ്ങളിലേക്ക് ചേക്കേറാനാണ് ശ്രമിക്കുന്നത്. ടെക്നോ പാർക്ക്പോലുള്ള സംരംഭങ്ങളുമായി ആദ്യഘട്ടത്തിൽ തന്നെ മുന്നേറിയ നാമിപ്പോൾ വളരെ പിറകിലാണ്. ഐ.ടി ഇതര മേഖലയിലാണെങ്കിൽ വിഴിഞ്ഞം, കണ്ണൂർ എയർപോർട്ട് ഒഴിച്ചാൽ നമുക്ക് ലഭിച്ച നിക്ഷേപങ്ങൾ കുറവാണ്.
സി.ഐ.ഐ പഠന പ്രകാരം ബിസിനസ് നടപ്പാക്കൽ സ്കോർ കാർഡിൽ തമിഴ് നാട്ടിന് 15.59ഉം തെലങ്കാനയ്ക്ക് 40.86ഉം മാർക്കുള്ളപ്പോൾ കേരളത്തിന് 0.81 മാത്രം. വ്യവസായ സ്ഥാപനംതുടങ്ങാൻ സെൽഫ് സർട്ടിഫിക്കേഷൻ ആരംഭിച്ചപ്പോൾ കേരളത്തിൽ 2457 ചെറുകിട വ്യവസായ യൂണിറ്റുകൾ ഇത് പ്രയോജനപ്പെടുത്തി. 717 കോടി രൂപയാണ് നിക്ഷേപം വന്നത്. കൊവിഡിന്റെ കാലത്ത് ഇത് ചെറിയ സംഖ്യയല്ല. എന്നാൽ ഇനിയും കുറെ ചെയ്യാനുണ്ട്. സംരംഭകർക്ക് തടസ്സങ്ങളുണ്ടാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഇപ്പോഴും കഴിയും. നഗരാസൂത്രണ വകുപ്പ്, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ ഒന്നും തന്നെ ഇതുവരെ ഓൺലൈൻ അംഗീകാര നടപടിയുമായി ബന്ധിപ്പിക്കപ്പെട്ടിട്ടില്ല. പുതിയ സംവിധാന പ്രകാരം സംരംഭകൻ മൂന്നുവർഷത്തിന് ശേഷം റഗുലേറ്ററി ഡിപ്പാർട്ടുമെന്റുകളുടെ അംഗീകാരം വാങ്ങിയാൽ മതി. എന്നാൽ ഈ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും നിലപാട് മാറാത്തിടത്തോളം കാലം മൂന്നുവർഷത്തെ സമയം നൽകിയിട്ട് കാര്യമില്ല.
കേരളം നൽകുന്ന പശ്ചാത്തല സൗകര്യം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തീരെ കുറവാണ്. പശ്ചാത്തല സൗകര്യം കുറഞ്ഞാൽ വ്യവസായ സ്ഥാപനങ്ങളുടെ മത്സരക്ഷമത തീരെ കുറവായിരിക്കും. ബഹു നില ഇൻഡസ്ട്രിയൽ സെന്ററുകൾക്ക് വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ല.ഇൻകെലിന് കീഴിലെ ചില സ്ഥാപനങ്ങൾ മാത്രമാണ് ഇതിനെ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തിയത്. ഐ.ടി ഇതര മേഖലയിൽ സ്വകാര്യ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളും വിജയിച്ചില്ല.
കേന്ദ്ര- സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ ഒരുപാട് ഭൂമി കിടപ്പുണ്ട്. ഇതുപയോഗപ്പെടുത്താൻ പദ്ധതികൾ ആവിഷ്കരിക്കണം.
ഇൻഡസ്ട്രിയൽ കോറിഡോർ , ഉത്പാദന സോണുകൾ, സ്പെഷ്യൽ ഇക്കണോമിക് സോണുകൾ എന്നിവയ്ക്ക് തെലങ്കാന, ആന്ധ്ര , കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ വലിയ പ്രോത്സാഹനമാണ് നൽകുന്നത്. ചുരുങ്ങിയ നിലയ്ക്ക് ഭൂമിപോലും അവർക്ക് നൽകുന്നു.
തുടങ്ങിവച്ച പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയാത്തതും ഒരു വീഴ്ചയാണ്. ഇത് പരിഹരിച്ച് വരുമ്പോഴേക്കും അതിന്റെ ചെലവ് മുൻ നിശ്ചയിച്ചതിനേക്കാൾ പല മടങ്ങ് വർദ്ധിച്ചിരിക്കും. തിരുവനന്തപുരത്തെ ലൈഫ് സയൻസ് പാർക്ക് ഒരുദാഹരണം മാത്രം. ഗൂഡമായ ഉദ്ദേശങ്ങളോടെ പദ്ധതികൾക്കെതിരെ നിക്ഷിപ്ത താത്പര്യക്കാരും ആക്ടിവിസ്റ്റുകളും മുന്നിട്ടിറങ്ങുകയും പൊതു താല്പര്യഹർജികൾ നൽകുകയും ചെയ്യുമ്പോൾ ഇവ നീണ്ടുപോകുന്നു. രാഷ്ട്രീയ പരിഗണനകൾ വച്ച് വ്യവസായങ്ങൾ യോജിച്ചതല്ലാത്ത പ്രദേശത്ത് ഗുണപരമായ പ്രവണത അല്ല.
കേരളത്തിൽ പരിസ്ഥിതി അനുകൂല വ്യവസായങ്ങളാണ് വരേണ്ടതെന്ന് പറയുമ്പോഴുംഇതിനനുസരിച്ചുള്ള നടപടികളില്ല. നോക്കു കൂലി നിരോധിച്ചത് നല്ല നടപടിയാണെങ്കിലും അത് ഇപ്പോഴും നിലനിൽക്കുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിക്ഷേപത്തോടൊപ്പം സ്വകാര്യപങ്കാളിത്തവും വ്യവസായ കുതിപ്പിന് കാരണമാകും. ഓട്ടോ മൊബൈൽ വ്യവസായത്തിൽ ചെന്നൈയും ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഹൈദരാബാദും ഒരു ഹബ് ആയി മാറിയതുപോലെ പല മേഖലകളിലും കേരളത്തിനും മാറാൻ പറ്റും. കയറും റബറും താഴോട്ടാണ് വരുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ച് ഫുട് വെയർ വ്യവസായം പുരോഗമിക്കുന്നുണ്ട്. പെരുമ്പാവൂരിൽ പ്ലൈവുഡ് വ്യവസായം പുരോഗമിക്കണമെങ്കിൽ പരിസ്ഥിതി, മലിനീകരണം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കണം.
ചൈന വിടുന്ന വ്യവസായങ്ങളെ ആകർഷിക്കാൻ വിയറ്റ് നാമും തായ്ലാൻഡും ശ്രമിക്കുന്നു. ഈ അവസരം ഉപയോഗിക്കാൻ പുത്തൻ പദ്ധതിക്കായി കേരളം തലപുകഞ്ഞാലോചിക്കേണ്ടിയിരിക്കുന്നു. പ്രവാസലോകത്ത് നിന്നും മടങ്ങിവന്ന നൈപുണ്യ ശാലികളായ തൊഴിലാളികളെ പുനരധിവസിപ്പിക്കാനും ഇതുപകരിക്കും.
(സംസ്ഥാന വ്യവസായ വകുപ്പിലെ അഡി. ഡയറക്ടറായിരുന്നു ലേഖകൻ, ഫോൺ: 9645288864)