pnb

ന്യൂഡൽഹി: ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 308 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. ഓറിയന്റൽ ബാങ്ക് ഒഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവ ഏപ്രിൽ ഒന്നിന് പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ചശേഷമുള്ള ആദ്യ പ്രവർത്തനഫലമാണിത്.

ആദ്യപാദത്തിലെ സഞ്ചിതലാഭം 538 കോടി രൂപയാണ്. പഞ്ചാബ് നാഷണൽ ബാങ്ക് കഴിഞ്ഞ ജനുവരി-മാർച്ചിൽ കുറിച്ചത് 697 കോടി രൂപയുടെ നഷ്‌ടമായിരുന്നു; മുൻവർഷത്തെ ജൂൺപാദത്തിൽ 1,109 കോടി രൂപയുടെ ലാഭവും. ലയനത്തിന് ശേഷമുള്ള മൊത്തം വരുമാനം 24,293 കോടി രൂപയാണ്. മുൻവർഷത്തെ സമാനപാദത്തിൽ ഇത് 15,161.74 കോടി രൂപയായിരുന്നു. പ്രവർത്തനലാഭം 2.5 ശതമാനം ഉയർന്ന് 5,281 കോടി രൂപയിലെത്തി.

അതേസമയം, നിഷ്‌ക്രിയ ആസ്‌തി കുറഞ്ഞത് ബാങ്കിന് ആശ്വാസമായി. മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) 16.49 ശതമാനത്തിൽ നിന്ന് 14.11 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 7.17 ശതമാനത്തിൽ നിന്ന് 5.39 ശതമാനത്തിലേക്കുമാണ് താഴ്‌ന്നത്. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് തുകയായി (പ്രൊവിഷനിംഗ്) 4,836.40 കോടി രൂപ ബാങ്ക് വകയിരുത്തി. 2019ലെ സമാനപാദത്തിൽ ഇത് 2,147.13 കോടി രൂപയായിരുന്നു.