ipl-uae

ദുബായ് : കൊവിഡ് കാരണം വേദി മാറ്റിയ 13-ാം സീസൺ ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിനായി എട്ട് ടീമുകളും യു.എ.ഇയിലെത്തി. ടീമംഗങ്ങളും കോച്ചിംഗ് സ്റ്റാഫും അടങ്ങിയ സംഘങ്ങൾ എയർപോർട്ടിൽ കൊവിഡ് പരിശോധനയ്ക്ക് സാമ്പിൾ നൽകിയ ശേഷം നേരത്തേ ബുക്ക് ചെയ്തിരുന്ന ഹോട്ടലുകളിൽ ആറു ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ കഴിയുകയാണ്.

വ്യാഴാഴ്ച മുതലാണ് യു.എ.ഇയിലേക്ക് ടീമുകൾ എത്തിത്തുടങ്ങിയത്.ഡൽഹിയിൽ നിന്ന് കിംഗ്സ് ഇലവൻ പഞ്ചാബ് ടീമാണ് ആദ്യം യാത്ര തിരിച്ചത്. തുടർന്ന് രാജസ്ഥാൻ റോയൽസ്. മുംബയ് ഇന്ത്യൻസ്,ചെന്നൈ സൂപ്പർകിംഗ്സ്, ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് ,കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളിലെ ഇന്ത്യൻ താരങ്ങളുമെത്തി. ഇന്നലെ ഡൽഹി ക്യാപിറ്റൽസിൽ നിന്നും സൺറൈസേഴ്സ് ഹൈദരാബാദിൽ നിന്നും താരങ്ങൾ എത്തിയതോടെ ഇന്ത്യയിൽ നിന്നുള്ള താരങ്ങളുടെ വരവ് പൂർത്തിയായി. വിവിധ ടീമുകളിലെ വിദേശതാരങ്ങളും യു.എ.ഇയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.

ഹോട്ടലുകളിൽ കർശനമായ സുരക്ഷയിലാണ് താരങ്ങൾ കഴിയുന്നത്. ഓരോ മുറിയിലും ഒരാൾ മാത്രം. സഞ്ചാര സ്വാതന്ത്യം റൂമിന്റെ ബാൽക്കണിവരെ മാത്രം. ആദ്യ ദിനവും മൂന്നാം ദിനവും ആറാം ദിനവും താരങ്ങളെ പരിശോധനയ്ക്ക് വിധേയരാക്കും. ഈ മൂന്ന് ടെസ്റ്റുകളിലും നെഗറ്റീവാകുന്ന താരങ്ങളെ ബയോ സെക്യൂരിറ്റി ബബിളിലേക്ക് മാറ്റും. പിന്നീട് ടൂർണമെന്റ് കഴിയുന്നതുവരെ ബബിളിനുള്ളിലായിരിക്കും. അഞ്ചു ദിവസത്തിലൊരിക്കൽ കൊവിഡ് പരിശോധനയ്ക്ക് വിധേയരാവുകയും വേണം.

കളിക്കാരെയും കോച്ചിംഗ് സ്റ്റാഫിനെയും കൂടാതെ നെറ്റ് പ്രാക്ടീസിനുള്ള ബൗളർമാരെയും പല ടീമുകളും കൊണ്ടുവന്നിട്ടുണ്ട്. ചെന്നൈ പോലുള്ള ടീമുകൾ താരങ്ങളുടെ കടുംബത്തെ ഒഴിവാക്കിയപ്പോൾ മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ രോഹിത് ശർമ്മ അടക്കമുള്ളവർ ഭാര്യയെയും കുട്ടിയെയും ഒപ്പം കൂട്ടിയിട്ടുണ്ട്.

സെപ്തംബർ 19 മുതൽ നവംബർ 10വരെ ദുബായ്.അബുദാബി,ഷാർജ എന്നിങ്ങനെ മൂന്ന് വേദികളിലായാണ് ഐ.പി.എൽ സംഘടിപ്പിക്കുന്നത്.