പള്ളുരുത്തിയുടെ 'പ " യും കൊച്ചിയുടെ'കൊ"യും ചേർത്ത് സുധി കൊപ്പ എന്നു പേരിട്ടു. അപ്പോൾ നാട്ടുകാർ വിളിച്ചു ,സുധി കോപ്പ..
വർഷങ്ങൾക്കുമുൻപ് പള്ളൂരുത്തി ജയലക്ഷ്മി ടാക്കീസ്. 'നാടോടിക്കാറ്റ് "കാണാൻ വൻ തിരക്ക്. കരിഞ്ചന്തയിൽ ടിക്കറ്റ് വില്പന പൊടി പൊടിക്കുന്നു. അച്ഛൻ ശിവശങ്കരപിള്ളയോടൊപ്പം ദാസനെയും വിജയനെയും അന്ന് സുധി കണ്ടു. ജയലക്ഷ്മി ടാക്കീസിൽ അതിനു മുൻപും പിൻപുമിറങ്ങിയ സിനിമകളെല്ലാം കണ്ട് മകൻ സിനിമാ ഭ്രാന്തനായി മാറിയത് ശിവശങ്കരപ്പിള്ള കൺകുളിർക്കെ കണ്ടു. ആള് ബാലെ നടൻ കൂടിയാണ്. കലാരക്തം തിരിച്ചറിഞ്ഞ നിമിഷം.
പള്ളൂരുത്തിയിലും പരിസരപ്രദേശത്തും സിനിമാ ഷൂട്ടിംഗുണ്ടെങ്കിൽ സുധി ആഴ്ചകൾ സ്കൂളിൽ പോവില്ല. രാത്രിയിലും വീട്ടിൽ പോവാതെ ഷൂട്ടിംഗ് കാണും. നാളെ സിനിമയിൽ കയറിപ്പറ്റുമെന്ന് സ്വപ്നം കണ്ടു. ഈ സ്വപ്നമല്ലാതെ ജീവിതത്തിൽ മറ്റൊരു സ്വപ്നവും സുധി ഇതേവരെ കണ്ടിട്ടില്ല. കാണുകയുമില്ല. സ്വന്തം നാടായ പള്ളൂരുത്തിയുടെ 'പ " യും കൊച്ചിയുടെ 'കൊ "യും ചേർത്ത് സുധി കൊപ്പയായി താരം വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്നു. കൊപ്പയെ ആരൊക്കെയോ ചേർന്ന് കോപ്പയാക്കി.
അപ്പോൾ നട്ടുച്ചനേരം.പള്ളൂരുത്തി ജയലക്ഷ്മി ടാക്കീസിലേക്ക് സുധി കയറി വന്നു.ഒരുപാട് ചലച്ചിത്ര കഥകൾ പറഞ്ഞ ജയലക്ഷ്മി അപ്പോൾ സിനിമാ ഭ്രാന്തനെ കണ്ണെടുക്കാതെ നോക്കി.നിറഞ്ഞു ചിരിച്ചു സുധി ടിക്കറ്റ് കൗണ്ടറിനു മുന്നിൽ ചാരി നിന്നു. ഒരു ബെല്ലടി ശബ്ദത്തിന് കാതോർത്ത് നിന്നയിടം. '' വീട്ടിലിരുന്നാൽ തിയേറ്ററിൽനിന്ന് പാട്ട് കേൾക്കാം. ശ്രദ്ധിച്ചാൽ ഡയലോഗ് കേൾക്കാം. വീട്ടിൽനിന്ന് മിക്ക സിനിമയും കാണാൻ പോവും. ഒാർമ്മവച്ച നാൾ മുതൽ എന്റെ ഉള്ളിൽ സിനിമയുണ്ട്.ആദ്യം കണ്ട സിനിമ ഏതെന്ന് പറയാൻ കഴിയില്ല. ചെറുപ്പത്തിൽത്തന്നെ അച്ഛൻ എന്നെ സിനിമ കാണിച്ചു. അങ്ങനെ സിനിമ തലയിൽ കയറി..""സുധി ജയലക്ഷ്മിയെ നോക്കി.ദിവസം രണ്ടു പ്രദർശനം നടത്തിയിരുന്ന ജയലക്ഷ്മി ആറുമാസമായി മിണ്ടുന്നില്ല.
അപ്പോൾ സുധിയുടെ മനസിലേക്ക് 'ഇനിയും കഥ തുടരും"എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ഓർമ്മകൾ ഓടി കയറി . സുധി അപ്പോൾ പള്ളൂരുത്തി എസ്.ഡി.പി . വൈ ബോയ്സ് സ്കൂളിൽ പഠിക്കുകയാണ്. '' പള്ളൂരുത്തിയിൽ കായൽത്തീരത്തായിരുന്നു ഷൂട്ടിംഗ്. അതാണ് ഞാൻ ആദ്യം കണ്ട ഷൂട്ടിംഗ്. മമ്മുക്കയെയും ജയപ്രദയെയും നേരിൽ കണ്ടു.മൂന്നു ദിവസം സ്കൂളിൽ പോയില്ല. വെയിലത്തു നിന്നാണ് ഷൂട്ടിംഗ് കണ്ടത്. സംവിധായകൻ താരങ്ങൾക്ക് നിർദ്ദേശം നൽകുന്നു. എനിക്ക് എല്ലാം അദ്ഭുതമായിരുന്നു. പള്ളൂരുത്തിയിലും പരിസര പ്രദേശത്തും ചിത്രീകരിച്ച എല്ലാ സിനിമയുടെയും ഷൂട്ടിംഗ് കണ്ടു. 'ഉണരൂ" ഇവിടെയാണ് ചിത്രീകരിച്ചത്. 'ദളപതി" കണ്ടപ്പോഴാണ് മണിരത്നം എന്ന പ്രതിഭാധനനായ സംവിധായകനാണ് ഉണരൂ ചെയ്തതെന്ന് അറിയുന്നത്. പള്ളൂരുത്തിക്ക് ചുറ്റും തിയേറ്ററുകളായിരുന്നു. ഇപ്പോൾ ജയലക്ഷ്മിയും പ്രതീക്ഷയും മാത്രം.രണ്ടിടത്തും ഞാൻ സിനിമ കണ്ടു. എന്റെ സിനിമയും കണ്ടു. ജോഷി സാറായിരുന്നു ഇനിയും കഥ തുടരും സിനിമയുടെ സംവിധായകൻ. സാറിന്റെ പുതിയ ചിത്രമായ പൊറിഞ്ചു മറിയം ജോസിൽ ഞാൻ ബാബു എന്ന ശ്രദ്ധേയമായ കഥാപാത്രം ചെയ്തു. ഇതൊക്കെ എങ്ങനെ സാധിച്ചുവെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അദ്ഭുതം തോന്നുന്നു. മമ്മുക്കയോടൊപ്പം മംഗ്ളീഷിൽ അഭിനയിക്കാനും കഴിഞ്ഞു. .""
അപ്പോൾ സുധിയുടെ ഒാർമ്മകൾ ഉത്സവപ്പറമ്പിലേക്ക് ഊർന്നിറങ്ങി.'' കടന്നു വരൂ ചേട്ടാ, അത്തർ വാങ്ങൂ ചേട്ടാ, നല്ല അത്തറാ ചേട്ടാ. പള്ളൂരുത്തി പുല വാണിഭത്തിന് ഇങ്ങനെ ഉറക്കെ വിളിച്ചു പറഞ്ഞു ഞാൻ അത്തർ വില്പനക്കാരനായിട്ടുണ്ട്. നാലു ദിവസത്തെ കച്ചവടം. നല്ലപോക്കറ്റ് മണി കിട്ടും. ജീവിക്കാനുള്ള വേഷം കെട്ടലല്ല. ചാൻസ് ചോദിച്ചു പോവുന്ന യാത്രകൾക്കുള്ള പോക്കറ്റ് മണി കണ്ടെത്താനാണ് .പുതിയ ആളുകൾക്ക് അവസരം കിട്ടുന്ന വർഷമായി 2009. സാഗർ ഏലിയാസ് ജാക്കി റീലോഡിന്റെ ഒാഡിഷന് പോയി. അത് ആദ്യ സിനിമയായി. ആദ്യ ഡയലോഗും കിട്ടി.'മിസ് ആരതി മേനോൻ" . അതാണ് ആദ്യ ഡയലോഗ്. ഭാവനയോട് പറഞ്ഞ ഡയലോഗും കാലിന് ഏറ്റ കുത്തും എനിക്ക് കിട്ടിയ ഒാസ് കാറാണ്. ലാലേട്ടന്റെ സിനിമയിലൂടെ സ്വപ്ന ലോകത്ത് എത്തി.ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗം.
ബിഗ് ബിക്കുശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന സിനിമ. ആളുകൾ എന്നെ തിരിച്ചറിഞ്ഞു. സാഗർ ഏലിയാസ് ജാക്കിയുമായാണ് പിന്നത്തെ യാത്ര. തിരക്കഥാകൃത്ത് സച്ചിയേട്ടനെ വിളിച്ചു. റോബിൻ ഹുഡ്ഡിൽ ചെറിയ വേഷം കിട്ടി. സാഗർ ഏലിയാസ് ജാക്കിയും റോബിൻ ഹുഡും ചുമന്നു കൊണ്ട് അടുത്ത സ്ഥലത്തേക്ക്. ടാർസൻ ഒരു വള്ളിയിൽനിന്ന് അടുത്ത വള്ളിയിൽ കയറുന്നതുപോലെ ആമേനിൽ എത്തി. ആദ്യത്തെ കാരക് ടർ വേഷം. മലയാളത്തിലെ പഠിക്കേണ്ട സിനിമയിൽ ഒന്നായി ആമേൻ ഇപ്പോഴും പ്രേക്ഷകർക്ക് മുന്നിലുണ്ട്. അടുത്ത പിടിവള്ളിയായി സപ്തമശ്രീ തസ്കര.രണ്ടു സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായി.അതിന് ശേഷം ആട് ഒരു ഭീകര ജീവിയാണ് . പിന്നാലെ യു ടു ബ്രൂട്ടസ്. അങ്ങനെ മുന്നോട്ടു പോയി. സെയിൽസ് എക് സിക്യൂട്ടീവ് , പെയിന്റിംഗ് തൊഴിലാളി, തോട്ടക്കാരൻ, മത്സ്യ വില്പന, തുണിക്കച്ചവടക്കാരൻ . ഞാൻ എന്തെല്ലാം വേഷം കെട്ടിയിട്ടുണ്ടെന്ന് എന്നെക്കാൾ അറിയുന്നത് നാട്ടുകാർക്കാണ്. ഇതൊന്നും സംഭവങ്ങളല്ല.
സംവിധായകരെ കാണാൻ അടിപൊളിയായി പോവണം . അതിനു പണം വേണം. സിനിമയിൽ ചാൻസ് ചോദിച്ച് നടന്നവരും നടക്കുന്നവരുമെല്ലാം ഇത്തരം വേഷങ്ങൾ ജീവിതത്തിൽ കെട്ടാറുണ്ട്. എന്നേക്കാൾ വലിയ ഭീകരന്മാരുണ്ട്. ജീവിതം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർ. എറണാകുളത്ത് ജനിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. മറ്റൊരു നാട്ടിൽ നിന്ന് വന്നിരുന്നെങ്കിൽ ഇവിടെ താമസത്തിനും ഭക്ഷണത്തിനും ഒരുപാട് പണം കണ്ടെത്തേണ്ടി വരുമായിരുന്നു. അറിയാത്ത തൊഴിലുകൾ നന്നായി ചെയ്തിട്ടുണ്ട്. പഠിച്ച തൊഴിൽ അന്നും ഇന്നും അറിയില്ല. എന്നാൽ ഒരു ദിവസം സിനിമയിൽ അഭിനയിക്കുമെന്ന് ഉറപ്പായിരുന്നു. എനിക്ക് മാത്രമുള്ള ഉറപ്പ്. ജോസഫ് എന്ന ചിത്രത്തിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചു.