ff

കാഠ്മണ്ഡു: രാജ്യത്തെ അതിർത്തി പ്രദേശങ്ങൾ ചൈന കൈവശപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് നേപ്പാൾ. ഒരു നേപ്പാൾ പത്രത്തിൽ ജൂണിലാണ് ഈ റിപ്പോർട്ട് ആദ്യം പ്രസിദ്ധീകരിച്ചത്. അന്നുതന്നെ ഈ വാർത്ത നിഷേധിച്ചതാണെന്നും സംഭവത്തിൽ പ്രസ്തുത പത്രം ക്ഷമാപണം നടത്തിയെന്നും നേപ്പാൾ സർക്കാർ പറഞ്ഞു.

കൃഷിമന്ത്രാലയത്തിന്റെ സർവേ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് വിവിധ വാർത്താ ഏജൻസികൾ ശർമ ഒലി സർക്കാരിന്റെ പിന്തുണയോടെ ചൈന നടത്തുന്ന കൈയേറ്റത്തെക്കുറിച്ച് വാർത്ത നൽകിയത്. അതിർത്തി പങ്കിടുന്ന ഏഴ് ജില്ലകളിൽ പലയിടത്തും ചൈന അനധികൃതമായി കൈയേറ്റം നടത്തിയിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ വാർത്തയ്ക്ക് അടിസ്ഥാനമായ കൃഷിമന്ത്രാലയത്തിന്റെ റിപ്പോർട്ട് നിലനിൽക്കുന്നതല്ലെന്നും ഇത്തരം വിഷയങ്ങൾ കൃഷിമന്ത്രാലയത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നുമാണ് സർക്കാർ വിശദീകരണം.

റിപ്പോർട്ടുകളിൽ കാണാനില്ലെന്ന് പറയുന്ന 37, 38 നമ്പറിലുള്ള അതിർത്തി അടയാളങ്ങൾ ഇരുരാജ്യങ്ങളും ഒരിക്കലും സ്ഥാപിച്ചിട്ടില്ലെന്നും സർക്കാർ അവകാശപ്പെടുന്നു. ഇത്തരം വിഷയങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉടലെടുത്താൽ ഇരുരാജ്യങ്ങളുടെയും ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തി പരിഹാരം കാണും. നല്ല സൗഹൃദം പുലർത്തുന്ന അയൽരാജ്യങ്ങളാണ് ചൈനയും നേപ്പാളും. ഈ ബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന തന്ത്രപ്രധാനമായ വിഷയങ്ങളിൽ റിപ്പോർട്ടുകൾ നൽകുന്നതിന് മുമ്പ് മാദ്ധ്യമങ്ങൾ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ശരിയായ വിവരങ്ങൾ തേടണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും നേപ്പാൾ സർക്കാർ അറിയിച്ചു.