ന്യൂഡൽഹി: സമ്പർക്കത്തിലൂടെയുളള കൊവിഡ് വ്യാപനത്തെ പഠിക്കുന്നതിനായി ജർമ്മൻ ഗവേഷകർ സംഗീതക്കച്ചേരി നടത്തി. തിരക്കേറിയ സ്ഥലങ്ങളിൽ കൊവിഡ് സമ്പർക്ക വ്യാപനം എങ്ങനെ തടയാം എന്നത് സംബന്ധിക്കുന്ന പഠനത്തിന്റെ ഭാഗമായി 1500 ഓളം പേരെ ഉൾക്കൊളളിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ സംഗീതക്കച്ചേരി നടത്തിയത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പിൽ ബാറുകളും റസ്റ്റോറന്റുകളും തുറക്കാൻ ഒരുങ്ങുമ്പോഴാണ് പഠനം.
ജർമ്മൻ ഹാലെ സർവകലാശാല ഗവേഷകർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത ഓരോ സന്നദ്ധപ്രവർത്തകനും മാസ്ക്, കോൺടാക്റ്റ് ട്രേസർ , സാനിറ്റെെസർ എന്നിവ നൽകിയിരുന്നു. ജർമ്മൻ ഗായകന്റെ സംഗീത പ്രകടനം സന്നദ്ധപ്രവർത്തകർ ആസ്വദിക്കുമ്പോൾ, അവർക്കിടയിൽ വൈറസ് വ്യാപനം ഏങ്ങനെ ഉണ്ടാകുന്നു എന്നതാണ് ഗവേഷകർ നിരീക്ഷിച്ചത്. മുഴുവൻ സന്നദ്ധപ്രവർത്തകർക്കും നേരത്തെ കൊവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തിയിരുന്നു. കൊവിഡ് വ്യാപന സമയത്തും നിരവധി ആളുകളെ ഉൾപ്പെടുത്തി പൊതു പരിപാടികൾ എങ്ങനെ സംഘടിപ്പിക്കാമെന്നത് കണ്ടെത്തുകയാണ് ജർമ്മൻ ഗവേഷകരുടെ ലക്ഷ്യം.
മറ്റൊരു ലോക്ഡൗൺ നടപ്പാക്കാൻ സാദ്ധ്യമല്ലെന്നും ഇക്കാരണത്താൽ സമ്പർക്ക വ്യാപനം തടയുന്നതിനായി അത് സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നും ജർമ്മൻ ഹാലെ യൂണിവേഴ്സിറ്റി ഡീൻ പ്രൊഫസർ മൈക്കൽ ഗെക്കിൾ പറഞ്ഞു.