ശ്രീനഗർ: ജമ്മുകാശ്‌മീരിലെ ഏറ്റവും വലിയ യോഗാസെന്റർ ഉദ്ധംപൂരിലെ മന്താലയിലൊരുങ്ങുന്നു. നാഷണൽ പ്രൊജക്ട്സ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണം. 2021മാർച്ചിൽ നിർമ്മാണം പൂർത്തിയാകും. 9782 ലക്ഷമാണ് ചെലവ്.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ യോഗാഗുരുവായിരുന്ന ധീരേന്ദ്ര ബ്രഹ്മചാരിയുടെ യോഗാസെന്റർ 'അപർണ' സ്ഥിതിചെയ്തിരുന്നിടത്താണ് പുതിയ യോഗാ കേന്ദ്രം നിർമ്മിക്കുന്നത്. ബ്രഹ്മചാരിയുടെ മരണശേഷം ഈ വസ്തു ജമ്മുകാശ്‌മീർ ഗവൺമെന്റ് ഏറ്റെടുക്കുകയായിരുന്നു.
' യോഗ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. മന്താലായി പ്രദേശം യോഗാപ്രവർത്തനങ്ങൾക്ക് പ്രസിദ്ധമാണ്. അതു കണക്കിലെടുത്താണ് സർക്കാർ 'അന്താരാഷ്ട്ര യോഗ കേന്ദ്രം' നിർമ്മിക്കുന്നത്. ഇത് വിനോദസഞ്ചാരികളെ വൻതോതിൽ ആകർഷിക്കുമെന്നുറപ്പാണ്. - ഉദ്ധംപൂർ ഡെപ്യൂട്ടി കമ്മിഷണർ ഡോ. പിയൂഷ് സിംഗ്ള പറഞ്ഞു.
പിരമിഡ് ആകൃതി
മന്താലായയിലെ യോഗ കേന്ദ്രം മെഗാപിരമിഡ് മാതൃകയിലാണ് നിർമ്മിക്കുന്നത്. ടൂറിസ്റ്റുകൾക്കുള്ള താമസസ്ഥലം, ധ്യാന ഗുഹകൾ, ഭക്ഷണശാല, ഹെലിപാഡ് തുടങ്ങിയവയും ഇവിടെ നിർമ്മിക്കുന്നു. ഒരേ സമയം 60-70 പേർക്ക് സ്പാ ട്രീറ്റ്മെന്റ് നടത്താനുള്ള സൗകര്യവുമുണ്ട്.
2017 നവംബറിലാണ് യോഗ സെന്ററിന്റെ നിർമ്മാണം ആരംഭിച്ചത്. 36 മാസത്തിനുള്ളിൽ പൂർത്തിയാക്കാനായിരുന്നു ഉദ്ദേശ്യം. എന്നാൽ കൊവിഡ് കാരണം നിർമ്മാണം നീണ്ടുപോയി.