nad

ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനെ ബി.ജെ.പിയും ജെ.ഡി.യുവും എൽ.ജെ.പിയും ഒന്നിച്ച് നേരിടുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ. മുഖ്യമന്ത്രി സ്ഥാനാർത്ഥി നിതീഷ് കുമാറാണെന്നും തങ്ങൾ തന്നെ അധികാരത്തിലേറുമെന്നും അദ്ദേഹം പറഞ്ഞു.

ജെ.ഡി.യുവും എൽ.ജെ.പിയും തമ്മിൽ വാക്‌പോര് തുടരുന്നതിനിടയിലാണ് നദ്ദയുടെ പ്രഖ്യാപനം. പ്രളയത്തെയും കൊവിഡിനേയും ബിഹാർ നേരിട്ട രീതിയും നദ്ദ അഭിനന്ദിച്ചു.

കൊവിഡിനെതിരെ പോരാടുന്നതിനും ആരോഗ്യസംരക്ഷണ പരിപാടികൾ ഊർജ്ജിതപ്പെടുത്തുന്നതിനും പാവപ്പെട്ടവർക്കായി മോദി സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും നദ്ദ പങ്കുവെച്ചു.

'പ്രതിപക്ഷ കക്ഷികളെല്ലാം നിഷ്‌ക്രിയമാണെന്നും ബിഹാറിലും മറ്റിടങ്ങളിലും ജനങ്ങൾ പ്രതീക്ഷയോടെ നോക്കുന്നത് ബി.ജെ.പിയെയാണെന്നും നദ്ദ അവകാശപ്പെട്ടു. പ്രതിപക്ഷത്തിന് പ്രത്യയശാസ്ത്രമോ, കാഴ്ചപ്പാടോ ജനങ്ങളെ സേവിക്കാനുളള ആഗ്രഹമോ ഇല്ല. തരംതാണ രാഷ്ട്രീയത്തിൽ നിന്ന് അവർക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല.'- നദ്ദ പറഞ്ഞു.