ചൈനയിലേക്കുള്ള കയറ്റുമതി വളർച്ച 78%
ന്യൂഡൽഹി: അതിർത്തി പ്രശ്‌നങ്ങളെ തുടർന്ന് ചൈനീസ് ഉത്‌പന്നങ്ങളോട് ഇന്ത്യ മുഖം തിരിച്ചെങ്കിലും ഇന്ത്യയിൽ നിന്ന് ചൈനയിലേക്കുള്ള ഉത്‌പന്നങ്ങളുടെ കയറ്റുമതിയിൽ വൻ ഉണർവ്. കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്ന്, ചൈനയടക്കമുള്ള കിഴക്കനേഷ്യൻ രാജ്യങ്ങളുടെ കൈപിടിച്ച് കരകയറുകയാണ് ഇന്ത്യ. 78 ശതമാനമാണ് ചൈനയിലേക്കുള്ള കയറ്റുമതി ജൂണിൽ കുറിച്ച വളർച്ച.
ഇന്ത്യയുടെ മറ്റു പ്രമുഖ വിപണികളായ അമേരിക്ക, ബ്രിട്ടൻ, ബ്രസീൽ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി കൊവിഡ് കാലത്ത് കുത്തനെ കുറഞ്ഞു. എന്നാൽ, കിഴക്കനേഷ്യയിൽ നിന്ന് കൂടുതൽ ഡിമാൻഡുണ്ടായി. ലോക്ക്ഡൗൺ മൂലം ഏപ്രിലിൽ കയറ്റുമതി 60.2 ശതമാനം കൂപ്പുകുത്തിയിരുന്നു. കിഴക്കനേഷ്യയുടെ കരുത്തിൽ ജൂലായിൽ നഷ്‌ടം 10.2 ശതമാനത്തിലേക്ക് കുറയ്ക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.
കാശ്‌മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരായ നിലപാടെടുത്ത, മലേഷ്യയിലേക്കുള്ള കയറ്റുമതിയാണ് രണ്ടാമത്തെ വലിയ വളർച്ച കുറിച്ചത്; 76 ശതമാനം. സിംഗപ്പൂർ 37 ശതമാനം വളർച്ചയും രേഖപ്പെടുത്തി. ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ 16 ശതമാനവും ഈ രാജ്യങ്ങളിലേക്ക് ആയിരുന്നു.
കൊവിഡിന്റെ
വെല്ലുവിളി
കൊവിഡ് പ്രതിസന്ധി തരണം ചെയ്‌ത രാജ്യങ്ങളിലേക്കാണ് കഴിഞ്ഞമാസം ഇന്ത്യയുടെ കയറ്റുമതി ഉയർന്നത്. കൊവിഡിനെ തുരത്തിയെന്ന് അവകാശപ്പെടുന്ന ചൈന, കഴിഞ്ഞപാദത്തിൽ 3.2 ശതമാനം ജി.ഡി.പി വളർച്ച രേഖപ്പെടുത്തിയിരുന്നു. എന്നാൽ, നെഗറ്റീവ് 32.9 ശതമാനം സമ്പദ്‌വളർച്ച രേഖപ്പെടുത്തിയ അമേരിക്കയിലേക്കുള്ള കയറ്റുമതി 11.2 ശതമാനം കുറഞ്ഞു.കൊവിഡ് ഏറ്റവും നാശം വിതച്ച രാജ്യമാണ് അമേരിക്ക.
ബ്രസീലും ബ്രിട്ടനും
കൊവിഡ് വ്യാപനത്തിൽ രണ്ടാമതുള്ള ബ്രസീലിലേക്കുള്ള കയറ്റുമതി 6.3 ശതമാനം ഇടിഞ്ഞു. ബ്രിട്ടനിലേക്കുള്ള കയറ്റുമതി ഇടിവ് 33.8 ശതമാനമാണ്.